NEWS
കോട്ടയത്തിനു ചുറ്റുമായി 4 സമാന്തര റോഡുകളുണ്ട്, ഇവ കണക്ട് ചെയ്ത് കോട്ടയത്തെ കുരുക്കഴിക്കും: തിരുവഞ്ചൂർ

കോട്ടയം ∙ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ ബന്ധിപ്പിക്കുമെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മലയാള മനോരമ സംഘടിപ്പിച്ച ‘ഹലോ സ്പീക്കർ’ ഫോൺ ഇൻ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. 4 സമാന്തര റോഡുകൾ കോട്ടയത്തിനു ചുറ്റുമായുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കാത്തതു വളരെക്കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ്. ആ ഭാഗങ്ങൾ കൂടി കണക്ട് ചെയ്താൽ റിങ് റോഡിന്റെ ഫലം ചെയ്യും. നാട്ടകം സിമന്റ് കവല– പാറേച്ചാൽ ബൈപാസ്, വടവാതൂർ മിൽമ– ബണ്ട് റോഡ്–ചവിട്ടു വരി, എലിപ്പുലിക്കാട്ട് പാലം വഴി വട്ടമൂട് പാലത്തിലൂടെ എംസി റോഡ് എന്നിങ്ങനെയാണു റോഡുകൾ.ഇതിനൊപ്പം ഈരയിൽക്കടവ്– മണിപ്പുഴ ബൈപാസ് വിപുലീകരണം കൂടി നടക്കും. കാക്കൂർ ഭാഗത്ത് 650 മീറ്റർ സ്ഥലം ഏറ്റെടുത്താൽ ഈ ബൈപാസ് എംസി റോഡിന് സമാന്തരമായി ചിങ്ങവനം വരെ യാഥാർഥ്യമാകും. ഇതിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
Fashion ⏭️


