‘അതിലും മികച്ചൊരു വില്ലനെ സങ്കൽപ്പിക്കാനാകില്ല’, അച്ഛൻ തിലകന്റെ പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ച് ഷോബി

തിലകൻ, ഷമ്മി തിലകൻ
മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് തിലകൻ. വില്ലൻ, നായകൻ, സഹനടൻ തുടങ്ങിയ നിരവധി വേറിട്ട കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ഇപ്പോഴിതാ തിലകന്റെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ഷോബി തിലകൻ. പത്മരാജന്റെ സംവിധാനത്തിൽ പിറന്ന ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന ചിത്രത്തിലെ തിലകന്റെ കഥാപാത്രമായ പോൾ പൈലോക്കാരനാണ് തന്റെ ഇഷ്ട വില്ലനെന്ന് ഷോബി പറയുന്നു. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷോബി ഇക്കാര്യം പങ്കുവച്ചത്.
തിലകൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങളിൽ പോൾ പൈലോക്കാരനേക്കാൾ മുകളിൽ മറ്റൊരു കഥാപാത്രത്തെ തനിക്ക് ചിന്തിക്കാൻ പോലുമാകില്ലെന്നാണ് ഷോബിയുടെ അഭിപ്രായം. അതേ കഥാപാത്രത്തെ പിന്നീട് സീരിയലിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതും തന്റെ ഭാഗ്യമായി കാണുന്നുവെന്നും ഷോബി പറഞ്ഞു. അച്ഛൻ ആ കഥാപാത്രത്തെ അതീവ മനോഹരമായി അവതരിപ്പിച്ചിരുന്നുവെന്നും ഷോബി ഓർമിച്ചു.
തിലകൻ ഒരിക്കൽ പങ്കുവച്ച അനുഭവവും ഷോബി അഭിമുഖത്തിനിടെ ഓർത്തെടുത്തു. ഒരിക്കൽ ഒരു കുടുംബത്തെ പരിചയപ്പെട്ടപ്പോൾ, സംസാരത്തിനിടെ തിലകൻ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന് അവരോട് ചോദിച്ചു. കുടുംബത്തിലെ ഭാര്യ പറഞ്ഞത് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നായിരുന്നു.
ഇക്കാര്യം തിലകനെ അത്ഭുതപ്പെടുത്തിയെന്നും ഷോബി പറയുന്നു. കാരണം, പ്രേക്ഷകർക്ക് ആ കഥാപാത്രത്തോട് വെറുപ്പ് തോന്നുന്ന തരത്തിലാണ് തിലകൻ അത് അവതരിപ്പിച്ചത്. എന്നാൽ, ഒരു സ്ത്രീ പോലും ആ കഥാപാത്രത്തെ ‘ഇഷ്ടപ്പെട്ട’തായി പറയുമ്പോൾ, അവർ ഇഷ്ടപ്പെട്ടത് കഥാപാത്രത്തെയല്ല, അതിലെ അഭിനയ മികവിനെയാണെന്ന് ഷോബി വിശദീകരിച്ചു.
ഒരു വില്ലൻ കഥാപാത്ത്രോട് പ്രേക്ഷകർക്ക് ശക്തമായ വെറുപ്പ് ജനിപ്പിക്കാൻ കഴിയുന്നത് ആ കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ അവതരിപ്പിച്ച കഥാപാത്ത്രോട് ഇത്രയധികം വെറുപ്പ് തോന്നിയെന്ന് കേൾക്കുന്നത് ഒരു അഭിനേതാവിന് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് തിലകൻ കരുതിയിരുന്നുവെന്നും ഷോബി പറഞ്ഞു.
പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’. മോഹൻലാൽ സോളമനായും ശാരി സോഫിയായും എത്തിയ സിനിമയിൽ പോൾ പൈലോക്കാരൻ എന്ന കഥാപാത്രത്തെയാണ് തിലകൻ അവതരിപ്പിച്ചത്. ചിത്രത്തിലെ തിലകന്റെ പ്രകടനം മലയാള സിനിമയിലെ ശ്രദ്ധേയമായ വില്ലൻ കഥാപാത്രങ്ങളിലൊന്നായി ഇന്നും വിലയിരുത്തപ്പെടുന്നു. അതേ കഥാപാത്രത്തെ സീരിയൽ രംഗത്തും അവതരിപ്പിക്കാൻ കഴിഞ്ഞത് തന്റെ അഭിനയജീവിതത്തിലെ പ്രത്യേക അനുഭവമായാണ് ഷോബി തിലകൻ കാണുന്നത്.
Business ⏭️


