SPORTS
‘അതെ, ഞാൻ അവന്റെ മേൽ കൈവച്ചത് പ്രണയത്തോടെയാണ്…’: ഹാർദിക്കുമായുള്ള ഡേറ്റിങ് ഗോസിപ്പിൽ പ്രതികരിച്ച് 51കാരിയായ നടി– വിഡിയോ

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടി അമീഷ പട്ടേലും അടുത്തിടെ മുംബൈയിൽ താജ്മഹൽ പാലസിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈൈറലാകുകയും ചെയ്തു. എന്നാൽ പിന്നാലെ ഹാർദിക്കുമായി അമീഷ പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികളും പുറത്തുവന്നു. എന്നാൽ ഇത്തരത്തിൽ സംശയമുന്നയിച്ച ഒരാൾക്ക് രൂക്ഷ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമീഷ പട്ടേൽ. ‘‘വളരെ ശരിയാണ്. എന്റെ ദൈവമേ, നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്… ഞാൻ അവന്റെ മേൽ കൈവച്ചത് ശരിക്കും പ്രണയഭരിതമായ രീതിയിലായിരുന്നു.’’– അമീഷ പരിഹാസത്തോടെ പറഞ്ഞു. തുടർന്ന്, സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തെ പ്രണയക്കണ്ണിലൂടെ കാണുന്നതും നടി ചോദ്യം ചെയ്തു. ‘‘എനിക്ക് നിങ്ങളെ അറിയില്ല, പക്ഷേ ഉറപ്പായും നിങ്ങൾക്ക് ഒരു പെൺകുട്ടി പോലും സുഹൃത്തായിട്ടുണ്ടാകില്ല. ഇനിമേൽ ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരു പെൺസുഹൃത്തിനെ ഉണ്ടാക്കാൻ സമയമായിരിക്കുന്നു…’’– അമീഷ പട്ടേൽ കുറിച്ചു. 2000ൽ ഋത്വിക് റോഷനൊപ്പം ‘കഹോ നാ… പ്യാർ ഹേ’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിലൂടെയാണ് അമീഷ പട്ടേൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒട്ടേറെ ഹിന്ദി, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. 51 വയസ്സുകാരിയായ അമീഷ, അവിവാഹിതയാണ്.
Auto ⏭️


