SPORTS
‘ആ സ്വപ്നം നടന്നില്ല, ഒരുപാട് വിഷമം തോന്നി; എങ്കിലും…’: ആശുപത്രിക്കിടക്കയിൽ കിടന്ന് കിരീടം ഏറ്റുവാങ്ങി ഷോൺ റോജർ– വിഡിയോ

തിരുവനന്തപുരം ∙ കെസിഎൽ ഫൈനൽ മത്സരത്തിലെ ഫീൽഡിങ്ങിനിടെ പരുക്കേറ്റ തൃശൂർ ടൈറ്റൻസ് താരം ഷോൺ റോജറിന് ആശുപ്രതിയിലെത്തി കിരീടം സമ്മാനിച്ച് സഹതാരങ്ങൾ. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നാലു വിക്കറ്റിന് തോൽപ്പിച്ചാണ് തൃശൂർ കിരീടം നേടിയത്. എന്നാൽ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ സഹതാരം മുഹമ്മദ് ഇനാനുമായി കൂട്ടിയിടിച്ച് പരുക്കറ്റ ഷോൺ റോജറിന് മത്സരത്തിൽ തുടർന്നു കളിക്കാനായിരുന്നില്ല. മൈതാനത്തു വച്ച് മറ്റു ടീമംഗങ്ങൾക്കൊപ്പം കിരീടം ഉയർത്താനും സാധിച്ചില്ല.‘‘നിറഞ്ഞു കവിഞ്ഞ ഒരു സ്റ്റേഡിയത്തിൽ ആ കിരീടം ഉയർത്തണമെന്നതായിരുന്നു എന്റെ സ്വപ്നവും ആഗ്രഹവും, എന്നാൽ ദൈവം എനിക്കായി കരുതിവച്ചത് മറ്റൊരു പദ്ധതിയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്ന് ആഘോഷിക്കേണ്ടിയിരുന്ന ആ വേദിയിൽ എനിക്ക് ഉണ്ടാകാൻ കഴിയാതെ പോയപ്പോൾ മനസ്സിൽ ചെറിയൊരു വിഷമം തോന്നിയിരുന്നു. എന്റെ പ്രിയപ്പെട്ട തൃശൂർ ടൈറ്റൻസ് ടീം അംഗങ്ങൾക്കും, കോച്ചുമാർക്കും, എല്ലാ ഭാരവാഹികൾക്കും, പ്രത്യേകിച്ച് ഞങ്ങളുടെ ടീം ഉടമ സാജിദ് സാറിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ആത്മാർഥമായ നന്ദി അറിയിക്കുന്നു.ടീമംഗങ്ങൾ ആശുപത്രിയിലെത്തിയതിന്റെ ചിത്രങ്ങൾ തൃശൂർ ടൈറ്റിൻസിന്റെ ഔദ്യോഗിക പേജിലും പങ്കുവച്ചു. ചില വിജയങ്ങൾ മൈതാനത്താണ് ആഘോഷിക്കപ്പെടാറുള്ളത്. എന്നാൽ ചിലത് ഹൃദയം കൊണ്ടാണ് ആഘോഷിക്കുന്നത്. ഈ സീസണിലുടനീളം ഷോൺ തന്റെ എല്ലാം ഈ ടീമിനായി സമർപ്പിച്ചു, ആ സുപ്രധാന നിമിഷത്തിൽ അദ്ദേഹത്തിന് അവിടെ ഉണ്ടായിരിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഈ കിരീടം അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടതാണ്. അതുകൊണ്ട് ഞങ്ങൾ അത് അദ്ദേഹത്തിന്റെ അടുക്കലേക്ക് എത്തിച്ചു. കാരണം, ഒരു യഥാർഥ ടീമിൽ ആരും ഒരിക്കലും ഒറ്റപ്പെട്ടുപോകാറില്ല.’’ എന്ന കുറിപ്പ് സഹിതമാണ് തൃശൂർ ടൈറ്റൻസ് ചിത്രങ്ങൾ പങ്കുവച്ചത്.
Auto ⏭️


