NEWS
തൃശൂരിൽ വീണ്ടും അപകടം; ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മൂന്നു വയസ്സുള്ള മകനും

കുന്നംകുളം ∙ റോഡരികിൽ നിർത്തിയ ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ദമ്പതികളും ഇവരുടെ മൂന്നു വയസ്സുകാരനായ മകനും ദാരുണാന്ത്യം. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് ( 3) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ – കുന്നംകുളം പാതയിൽ ഇന്നലെ രാത്രി 12നാണ് അപകടം.വിവാഹ ചടങ്ങിൽ പങ്കെടുത്ത് കുന്നംകുളം ഭാഗത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്ന കുടുംബം. ഫോൺ വന്നപ്പോൾ റോഡരികിൽ നിർത്തി സംസാരിക്കുന്നതിനിടെ അതേ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഇടിച്ചതിനെ തുടർന്നു ബൈക്കിലുണ്ടായിരുന്നവർ 50 മീറ്ററോളം അകലെ തെറിച്ചുവീണു. ഇടിച്ച ബൈക്ക് തെറിച്ചുവീണു സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോമർ തകർന്നു. വൈദ്യുതി കമ്പി പൊട്ടി വീണത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കാറിലുണ്ടായ യുവാക്കൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി.
Fashion ⏭️


