NEWS
ആത്മഹത്യ ചെയ്യാൻ ശ്രമിച്ചാലും നടന്നിരുന്നില്ല; പലരുടെയും ജീവൻ രക്ഷിച്ച കാര്യങ്കോട് റെയിൽവേ പാലം ഇനി ഓർമ

ചെറുവത്തൂർ ∙ ബ്രിട്ടിഷുകാരുടെ കാലത്ത് നിർമിച്ച, ജില്ലയിൽ റെയിൽവേയുടെ എറ്റവും വലിയ പാലമായ കാര്യങ്കോട് പാലം ഇനി ഓർമ. തമിഴ്നാട്ടിലെ തൃശിനാപള്ളിയിലുള്ള കമ്പിനിർമാണ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായി പാലം പൊളിച്ചുതുടങ്ങി. 25നുള്ളിൽ പാലം മുഴുവൻ പൊളിച്ചുമാറ്റാനാണ് കമ്പനിക്ക് നൽകിയ കരാർ. ഇതോടെ ബ്രിട്ടിഷുകാർ നിർമിച്ച ജില്ലയിൽ അവശേഷിക്കുന്ന ഏക പാലവും ഇനി ചരിത്രത്തിലേക്ക് വഴി മാറും. കുമ്പളയിൽ ബ്രിട്ടിഷുകാർ നിർമിച്ച പാലം 5 വർഷം മുൻപ് പൊളിച്ച് മാറ്റിയിരുന്നു.18 തൂണുകളുള്ള കാര്യങ്കോട് പാലം പൊളിച്ച് മാറ്റുമ്പോൾ പാലത്തിന്റെ തീരങ്ങളിൽ ഉള്ള ജനതയ്ക്ക് അവരുടെ ജീവിതത്തിലെ അവിഭാജ്യഘടകമാണ് ഇല്ലാതാവുന്നത്. ട്രെയിൻ വരുമ്പോൾ പാലത്തിന്റെ തൂണിന് മുകളിൽ സ്ഥാപിക്കുന്ന കൂടുകളിൽ കയറി നിൽക്കുന്നതും. വൈകുന്നേരങ്ങളിൽ പാലത്തിന്റെ തൂണുകൾക്ക് താഴെ ഇരുന്ന് തേജസ്വിനി പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതും അടക്കമുള്ള ഓർമകൾ ഇവരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. ആത്മഹത്യ ചെയ്യാൻ വന്ന് പാലത്തിന് മുകളിൽ നിന്ന് താഴേക്കു ചാടിയവർ അധികമാർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നില്ല.
Fashion ⏭️


