LIFESTYLE
ഒഴികഴിവുമായി കൂടപ്പിറപ്പ്; വിൽപത്രത്തിലെ സ്വത്ത് ലഭിക്കാൻ സഹോദരിയുടെ ഒപ്പ് വേണോ?

എന്റെ അച്ഛനും അമ്മയും മരിക്കുന്നതിന് മുൻപ് അവർ സ്വയം ആർജിച്ച വസ്തുവകകൾ എന്റെ പേരിൽ വിൽപത്രമായി എഴുതി 29.12.2011ൽ റജിസ്റ്റർ ചെയ്തിരുന്നു. എനിക്ക് ഒരു സഹോദരി കൂടിയുണ്ട്. സഹോദരിയുടെ വിവാഹ സമയത്തും അതിനു ശേഷവും സഹോദരിക്ക് കൊടുക്കേണ്ടതെല്ലാം കൊടുത്തിരുന്നു. ഇത് വിൽപത്രത്തിൽ പറയുന്നുണ്ട്. മാതാപിതാക്കളുടെ മരണശേഷം വസ്തുക്കൾ പോക്കുവരവ് ചെയ്തു കിട്ടാൻ ആയി വില്ലേജ് ഓഫിസറെ സമീപിച്ചപ്പോൾ സഹോദരി കൂടി ഒപ്പിട്ട് നൽകണമെന്ന് പറഞ്ഞു. പക്ഷേ ഇപ്പോൾ സഹോദരി ഓരോ ഒഴികഴിവ് പറയുന്നു. ഈ വസ്തുവകകൾ എന്റെ പേരിൽ നിയമപരമായി ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ പോക്കുവരവ് നടത്തുമ്പോൾ ഹൈക്കോടതി നിർദേശിച്ചിട്ടുള്ള പ്രത്യേക നടപടിക്രമം പാലിക്കേണ്ടതാണ്. വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ പോക്കുവരവ് നടത്തുന്നതിനായി എല്ലാ നിയമാവകാശികളുടെയും പ്രത്യേകം സമ്മതപത്രം ഹാജരാക്കണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ല.ഹൈക്കോടതി നിർദേശപ്രകാരം പോക്കുവരവ് അപേക്ഷ നൽകുമ്പോൾ പ്രധാനമായും വിൽപത്രത്തിന്റെ പകർപ്പ്, അനന്തരാവകാശ സർട്ടിഫിക്കറ്റ്/ ഫാമിലി മെംബർഷിപ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. ഇവ ലഭ്യമല്ലെങ്കിൽ വിൽപത്രം എഴുതിയ ആളുടെ നിയമാവകാശികളുടെ പേരും വിവരങ്ങളും ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാം. അതിനുശേഷം ബന്ധപ്പെട്ട റവന്യു ഓഫിസർ വിൽപത്രം തയാറാക്കിയ വ്യക്തിയുടെ നിയമാവകാശികൾക്കും മറ്റു താൽപര്യമുള്ള വ്യക്തികൾക്കും 30 ദിവസത്തിനുള്ളിൽ തടസ്സവാദം സമർപ്പിക്കാൻ അവസരം നൽകി നോട്ടിസ് നൽകണം. വില്ലേജ്, തദ്ദേശസ്ഥാപനം, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലും നോട്ടിസ് പ്രസിദ്ധീകരിക്കണം.നോട്ടിസ് ലഭിച്ചതിന് ശേഷം സഹോദരി വിൽപത്രത്തെ എതിർത്ത് വ്യക്തമായ തടസ്സവാദം ഉന്നയിക്കാത്ത പക്ഷം, അവർ സമ്മതപത്രത്തിൽ ഒപ്പിടുന്നില്ലെങ്കിലും, അത് പോക്കുവരവിന് തടസ്സമാകുന്നില്ല. അതേസമയം, സഹോദരി വിൽപത്രത്തെ വ്യക്തമായി ചോദ്യം ചെയ്താൽ (ഉദാ: ഈ വിൽപത്രം യഥാർഥമല്ല, വിൽപത്ര പ്രകാരം അപേക്ഷകന് അവകാശമില്ല…) ആ തർക്കത്തിൽ തീർപ്പുകൽപിക്കാൻ സിവിൽ കോടതിക്കായിരിക്കും അധികാരം. എതിർപ്പ് ഉന്നയിച്ചയാൾ മൂന്നു മാസത്തിനുള്ളിൽ സിവിൽ കേസ് ഫയൽ ചെയ്തതായി രേഖ ഹാജരാക്കാൻ ഓഫിസർ നിർദേശിക്കണം. മൂന്നു മാസത്തിനുള്ളിൽ രേഖ ഹാജരാക്കിയില്ലെങ്കിൽ പോക്കുവരവ് അനുവദിക്കാം. അതേസമയം, കേസ് ഫയൽ ചെയ്തതായി രേഖ ഹാജരാക്കിയാൽ കോടതിയുടെ അന്തിമതീരുമാനം വരുന്നതുവരെ പോക്കുവരവ് നടപടി നിർത്തിവയ്ക്കണം.ചെയ്യാവുന്നത്: ബന്ധപ്പെട്ട രേഖകൾ സഹിതം പോക്കുവരവ് നടത്തുന്നതിനായി വില്ലേജ് ഓഫിസർ മുൻപാകെ അപേക്ഷ നൽകാം. ‘29.12.2011 ൽ റജിസ്റ്റർ ചെയ്ത വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ പോക്കുവരവ് നടത്തുകയും ബാബു ആർ. v. സ്റ്റേറ്റ് ഓഫ് കേരള (2024:KER:84934) കേസിലെ ഹൈക്കോടതി വിധി പ്രകാരം നിയമപരമായ അവകാശികൾക്ക് നോട്ടിസ് നൽകി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യണം’ എന്ന് അപേക്ഷയിൽ വ്യക്തമായി ആവശ്യപ്പെടാം.വിവരങ്ങൾക്ക് കടപ്പാട് ഡി.ബി.ബിനു പ്രസിഡന്റ്, ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ, എറണാകുളം
Cinema ⏭️


