NEWS
ട്രെയിനിൽ ലഹരി ഉപയോഗിച്ചാൽ പുറത്താക്കാം, ശിക്ഷിക്കാം: ഹൈക്കോടതിയുടെ നിർണായക വിധി

കൊച്ചി ∙ റെയിൽവേ വളപ്പിലോ ട്രെയിനിലോ ലഹരി ഉപയോഗിച്ച നിലയിൽ കാണപ്പെടുന്നവർക്കെതിരായ ശിക്ഷാ നടപടികൾ ശരിവച്ച് ഹൈക്കോടതി. ഇത്തരത്തിൽ കാണപ്പെടുന്നവരെ പുറത്താക്കാനും ശിക്ഷാ നടപടികൾ സ്വീകരിക്കാനും അധികാരം നൽകുന്ന 1989ലെ റെയിൽവേ ആക്റ്റിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. പ്രസ്തുത വകുപ്പ് തടയണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി.ടൂർ ആൻഡ് ട്രാവൽസ് കമ്പനി മാനേജിങ് ഡയറക്ടറായ കെ.എൻ.ശാസ്ത്രി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി. ഔദ്യോഗിക ആവശ്യങ്ങൾക്കായി ചെറിയ അളവിൽ മദ്യം കഴിച്ച ശേഷം ട്രെയിനിൽ യാത്ര ചെയ്യേണ്ടി വരാറുണ്ടെന്നും ‘ലഹരി ഉപയോഗിച്ച അവസ്ഥ’ എന്നതിന് നിയമത്തിൽ കൃത്യമായ നിർവചനം ഇല്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഇത് ആർപിഎഫിന് യാത്രികരെ അനാവശ്യമായി ഉപദ്രവിക്കാനും സഞ്ചാര സ്വാതന്ത്ര്യത്തെ തടയാനും വഴിയൊരുക്കും എന്നായിരുന്നു ഹർജിയിലെ പ്രധാന ആക്ഷേപം.
Fashion ⏭️


