SPORTS
അവസാന പന്തിൽ ജയിക്കാൻ വേണ്ടത് 4 റൺസ്, സിക്സർ തൂക്കി അർജുൻ; കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

തിരുവനന്തപുരം∙ അവസാന പന്ത് വരെ ജയസാധ്യതകൾ മാറിമറിഞ്ഞ ത്രില്ലർ പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ്. ക്യാപ്റ്റൻ അഖിലിന്റെ അർധസെഞ്ചറിയും അവസാന പന്തിൽ സിക്സർ പറത്തിയ എ.കെ.അർജുനുമാണ് തൃശൂരിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. വിജയത്തോടെ കാലിക്കറ്റിനെ മറികടന്ന് തൃശൂർ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. തൃശൂരിന്റെ എം.എസ്.അഖിലാണ് പ്ലെയർ ഓഫ് ദ് മാച്ച്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 146/5, തൃശൂർ ടൈറ്റൻസ് – 20 ഓവറിൽ 149/6.മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന രോഹൻ കുന്നുമ്മലും അഖിൽ സ്കറിയയും ചേർന്ന് കരുതലോടെയാണ് ബാറ്റ് വീശിയത്. 56 പന്തുകളിൽ നിന്ന് 57 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ 43 റൺസെടുത്ത രോഹൻ മടങ്ങി. തൊട്ടടുത്ത പന്തിൽ 19 റൺസെടുത്ത അഖിൽ സ്കറിയയും പുറത്തായി. തുടർന്ന് ഒത്തുചേർന്ന സൽമാൻ നിസാറും അബ്ദുൾ ബാസിദും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് കാലിക്കറ്റിന്റെ സ്കോർ 146ൽ എത്തിച്ചത്. 40 പന്തുകളിൽ നിന്ന് 73 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 25 പന്തുകളിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 51 റൺസുമായി സൽമാൻ നിസാർ പുറത്താകാതെ നിന്നു. അബ്ദുൾ ബാസിദ് 15 പന്തുകളിൽ നിന്ന് 21 റൺസെടുത്തു. കാലിക്കറ്റിൻ്റെ ഇന്നിങ്സ് 146ൽ അവസാനിച്ചു.എന്നാൽ അവസാന നിമിഷങ്ങളിൽ കാര്യങ്ങൾ മാറിമറിഞ്ഞു. അവസാന ഓവറിൽ 11 റൺസായിരുന്നു തൃശൂരിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ രണ്ടാം പന്തിൽ ഡബിൾ നേടി അർധസെഞ്ച്വറി തികച്ച അഖിൽ തൊട്ടടുത്ത പന്തിൽ പുറത്തായി. പിന്നാലെയെത്തിയ എസ്. ഷാരോൺ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയതോടെ ലക്ഷ്യം രണ്ട് പന്തിൽ നാല് റൺസായി ചുരുങ്ങി. എന്നാൽ അടുത്ത പന്തിൽ ഷാരോണും പുറത്തായി. ഇതോടെ അവസാന പന്തിൽ ജയിക്കാൻ വേണ്ടത് നാല് റൺസ്. എന്നാൽ സമ്മർദങ്ങൾക്ക് അടിപ്പെടാതെ ബാറ്റ് വീശിയ എ.കെ.അർജുൻ സിക്സുമായി ടീമിന് വിജയമൊരുക്കി.
Auto ⏭️


