NEWS
ആദ്യം ആനിനെ കൊലപ്പെടുത്തി, പിന്നാലെ അഞ്ജനയെ വിളിച്ചുവരുത്തി കാറിടിപ്പിച്ചു; സുഹൃത്തുക്കളെ അനില കൊന്നതെന്തിന്?

തൃശൂർ / കോട്ടയം ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിക്കുന്ന രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ കാരണം അജ്ഞാതമായി തുടരുന്നു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്‌ൻ 22 മറ്റത്ത് വീട്ടിൽ ജിജി മാത്യുവിന്റെയും പരേതയായ ബെസ്സി ജി.മാത്യുവിന്റെയും മകൾ ആൻ മേരി മാത്യു (40) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ അതേ അപ്പാർട്മെന്റിൽ താമസിക്കുന്ന ഇവരുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അപ്പാർട്മെന്റിന്റെ പാർക്കിങ് സ്ഥലത്ത് അഞ്ജനയെ അനില കാറിടിപ്പിച്ചതിനു ദൃക്സാക്ഷികളുണ്ടെന്നു പൊലീസ് അറിയിച്ചു. ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു കിടക്കുന്ന നിലയിലായിരുന്നു ആനിന്റെ ശരീരം കാണപ്പെട്ടത്. ഡിക്സൺ ലാൻഡിങ് റോഡിൽ മിൽക്രീക്ക് അപ്പാർട്മെന്റ്സിലായിരുന്നു മൂന്നു യുവതികളും കുടുംബസമേതം താമസം. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം ഓണാഘോഷത്തിൽ ഒന്നിച്ചു പങ്കെടുക്കുകയും തിയറ്ററിൽ ഒന്നിച്ചു സിനിമ കാണാൻ പോകുകയും ചെയ്തിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ നീല നിറത്തിലുള്ള എസ്‍യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നതു ദൃക്സാക്ഷികൾ കണ്ടിരുന്നു. വണ്ടിയോടിച്ചതും സ്ത്രീയാണെന്നു താമസക്കാർ മിൽപീറ്റസ് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമ്പോൾ അഞ്ജനയെ സംഭവസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ നീല എസ്‍യുവി മുൻഭാഗം തകർന്ന നിലയിൽ കിടക്കുന്നതും പൊലീസ് കണ്ടെത്തി. വണ്ടിയോടിച്ച അനിലയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Fashion ⏭️


