NEWS

ഓൺലൈനിൽ ഓർഡർ ചെയ്തത് എൽഇഡി ലൈറ്റ്: കിട്ടിയത് മനുഷ്യമൂത്രം നിറച്ച മദ്യകുപ്പി

മനുഷ്യമൂത്രം നിറച്ച മദ്യകുപ്പിയുമായി ഓമനക്കുട്ടനും സനുവും

പത്തനംതിട്ട: ഓൺലൈനിൽ 1000 രൂപയുടെ എൽഇഡി ലൈറ്റ് ഓർഡർ ചെയ്ത യുവാക്കളെ തേടിയെത്തിയത് മനുഷ്യമൂത്രം നിറച്ച പ്രീമിയം മദ്യകുപ്പി. കോന്നി സ്വദേശികളായ യുവാക്കളാണ് ഓൺലൈൻ തട്ടിപ്പിനിരയായത്.

സംഭവം ഇങ്ങനെയാണ്. ഒക്ടോബർ ആറിനാണ് അരുവാപുലം സ്വദേശി ഓമനക്കുട്ടന് വേണ്ടി സുഹൃത്ത് സനു ഫേസ്ബുക്കിലെ ഓൺലൈൻ കച്ചവട ലിങ്കിലൂടെ ലൈറ്റ് ഓർഡർ ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് നാലുമണിയോടെ ഡെലിവറി ബോയ് സാധനവുമായെത്തി. സാധനം കൈപ്പറ്റിയ ഉടൻ തന്നെ 1000 രൂപ യുവാക്കൾ ഡെലിവറി ബോയ്ക്ക് കൊടുക്കുകയും ചെയ്തു.

തുടർന്ന് പാക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് ഇരുവരും അറിഞ്ഞത്. കാത്തിരുന്ന് കിട്ടിയത് എൽഇഡി ലൈറ്റ് അല്ല, പകരം പ്രീമിയം മദ്യകുപ്പിയിൽ മനുഷ്യമൂത്രമായിരുന്നു. ഈ വിവരം കൊറിയർ കമ്പനിയെ അറിയിക്കുന്നതിനായി പാക്കറ്റിന് പുറത്തുള്ള നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വിശദമായി നടത്തിയ പരിശോധനയിലാണ് നമ്പർ തെറ്റാണെന്ന് തിരിച്ചറിഞ്ഞത്. മെയിൽ ഐഡിയും വ്യാജമായിരുന്നു.

വിപണിയിൽ ഇരട്ടിത്തുക വിലയുള്ള ലൈറ്റ് 1000 രൂപയ്ക്ക് ലഭിക്കുമെന്ന പരസ്യം ഫേസ്ബുക്കിലൂടെയാണ് യുവാക്കൾ കണ്ടത്. ഫേസ്ബുക്കിൽ കൊടുത്തിരുന്ന ഓൺലൈൻ വ്യാപാര കമ്പനിയുടെ ലിങ്കിൽ കയറിയാണ് ഇവർ ലൈറ്റ് ഓർഡർ ചെയ്തതും. സംഭവത്തിൽ ഉപഭോക്തൃകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് യുവാക്കൾ പറഞ്ഞു.

English Summary

Young men in Konni, Pathanamthitta, became victims of an online scam after ordering an LED light for ₹1000 via a Facebook link. Instead of the light, they received a premium liquor bottle filled with human urine. Upon opening the package, they discovered the fraudulent delivery and found the contact details to be fake. The victims plan to approach the consumer court.
RELATED TOPICS: PATHANAMTHITTA, ONLINE SHOPPING SCAM, URINE FILLED LIQUOR BOTTLE, ONLINE ORDER SCAM

Read News ⏭️

Back to top button