SPORTS
ക്രീസിലുണ്ടെങ്കിൽ അടി ഉറപ്പ്, 60 പന്തിൽ 112 റൺസ്, സച്ചിൻ ബേബിക്കും സഞ്ജുവിനുമില്ലാത്ത റെക്കോർഡ്, വെടിക്കെട്ട് തുടർന്ന് അസ്ഹർ

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ റെക്കോർഡുകൾ കടപുഴക്കി മുഹമ്മദ് അസ്ഹറുദ്ദീന്റെ തേരോട്ടം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടക്കാൻ ആലപ്പി റിപ്പിൾസിന് കരുത്തായത് ഉപനായകൻ അസ്ഹറുദ്ദീന്റെ അത്യുഗ്രൻ സെഞ്ചറിയാണ്. ഈ മാസ്മരിക ഇന്നിങ്സോടെ കെസിഎല്ലിന്റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടവും അസർ സ്വന്തമാക്കി. ബാറ്റിങ് വിസ്മയം തീർത്ത അസറിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ സീസണിലെ നാലാം ജയം കുറിച്ച ആലപ്പി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കും കുതിച്ചെത്തി.അവസാന ഓവറിലെ മൂന്നാം പന്തിൽ പടുകൂറ്റൻ സിക്സർ പറത്തി അസർ തന്നെ ആലപ്പിയുടെ വിജയമുറപ്പിക്കുകയും ചെയ്തു. സീസണിലെ ആദ്യ മത്സരം മുതൽ അതിശയിപ്പിക്കുന്ന ഫോമിലാണ് കാസര്‍കോട് സ്വദേശി കളിക്കുന്നത്. പവർപ്ലേ ഓവറുകളിൽ ബോളർമാർക്ക് മേൽ പൂർണ ആധിപത്യം സ്ഥാപിക്കുന്ന അസറിന്റെ ഭയമില്ലാത്ത ബാറ്റിംഗാണ് എല്ലാ മത്സരങ്ങളിലും ടീമിന് കരുത്തുറ്റ അടിത്തറ നൽകുന്നത്. ആറ് മത്സരങ്ങളിൽ നിന്നായി മൂന്ന് അർധസെഞ്ചറിയും രണ്ട് സെഞ്ചറിയും ഉൾപ്പെടെ 419 റൺസാണ് താരം ഇതിനോടകം അടിച്ചുകൂട്ടിയത്.
Auto ⏭️


