ജാമ്യത്തിനുള്ള നീക്കവുമായി പ്രതി സുഹൈലും സുഹൃത്തുക്കളും; സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാദ്ധ്യത

അപകടത്തിനിടയാക്കിയ കാർ, ഒന്നാം പ്രതി സുഹൈൽ
നെടുമ്പാശേരി: നെടുമ്പാശേരി മിനികൂപ്പർ അപകടത്തിലെ മുഖ്യപ്രതി സുഹൈൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ കിട്ടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്യും. നരഹത്യയ്ക്കാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.
അപകടം നടന്ന സ്ഥലത്തും മദ്യപിച്ച ബാറുകളിലും പൊലീസ് തെളിവെടുപ്പ് നടത്തും. സുഹൈലിന്റെ രക്തസാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് ഫലം ലഭിച്ചാൽ ഏതൊക്കെ ലഹരിയാണ് ഉപയോഗിച്ചതെന്ന് വ്യക്തമാകുകയുള്ളൂ. മദ്യപിച്ച് വണ്ടിയോടിച്ചത് തടയാതിരുന്നതിനാണ് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്നവർക്കെതിരെ കേസെടുത്തത്. ഇവർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഒന്നാം പ്രതി സുഹൈൽ സാമ്പത്തികശേഷിയും സ്വാധീനവുമുള്ള ആളായതിനാൽ സാക്ഷികളെ സ്വാധീനിക്കാനോ, ഭീഷണിപ്പെടുത്താനോ സാദ്ധ്യതയുണ്ടെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സുഹൈൽ മദ്യപിച്ചശേഷം വാഹനമോടിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി ലഹരി ഉപയോഗിച്ചിട്ടണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
സുഹൈലിന്റെ പേരിന് പകരം, കെ.എൽ 07 സി.ആർ 1001 കാറിന്റെ ഡ്രൈവർ എന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. വിലാസം ‘അജ്ഞാതം’ എന്നായിരുന്നു. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും പറഞ്ഞില്ല. ഞായറാഴ്ച രാവിലെ 6.59നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പുലർച്ചെ 1.45നായിരുന്നു അപകടം. ശിക്ഷിക്കപ്പെടുന്ന, 16നും 21നുമിടയിൽ പ്രായമുള്ളവരെയാണ് പ്രവേശിപ്പിക്കേണ്ടതെന്ന് കേരള ബോസ്റ്റൽ സ്കൂൾസ് നിയമത്തിൽ പറയുന്നു. ജയിൽച്ചട്ടത്തിലും ഇങ്ങനെയാണ്. എന്നാൽ, റിമാൻഡ് പ്രതിയായ സുഹൈലിനെ അവിടെയാക്കിയതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
ഇതിനിടെ, പ്രതികളെ ജാമ്യത്തിലെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങി. നാല് പേരും അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കാറോടിച്ച സുഹൈൽ സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരാണ് ജാമ്യത്തിന് ശ്രമിക്കുന്നത്. ഇവരുടെ അഭിഭാഷകർ ചൊവ്വാഴ്ച കോടതിയിൽ എത്തി ജാമ്യാപേക്ഷ സമർപ്പിച്ചു.
RELATED TOPICS: SUHAIL SAJEEV, SUHAIL BAIL PLEA, WITNESS INTIMIDATION, WITNESS THREAT ALLEGATION, KERALA CRIME NEWS
Read News ⏭️




