NEWS

കനത്ത മഴയും ഇടിമിന്നലും: യുകെയുടെ വിവിധ ഭാഗങ്ങളിൽ യെല്ലോ അലർട്ട്; മിന്നൽ പ്രളയത്തിനും സാധ്യത


ലണ്ടൻ∙ കനത്ത മഴയും ഇടിമിന്നലും തുടരുന്നതിനിടെ ലണ്ടൻ ഉൾപ്പെടെ യുകെയുടെ വിവിധ ഭാഗങ്ങളിൽ മെറ്റ് ഓഫിസിന്റെ യെല്ലോ മുന്നറിയിപ്പ് നിലവിൽ വന്നു. വ്യാഴാഴ്ച തെക്കൻ ഇംഗ്ലണ്ടിൽ അനുഭവപ്പെട്ട ശക്തമായ മഴ വടക്കോട്ട് നീങ്ങും. ചിലയിടങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കം, മിന്നൽ, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. ലണ്ടനിൽ മഴയുടെ ശക്തി പ്രവചിക്കാനാവില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 20 – 30 മില്ലിമീറ്റർ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 75 മില്ലിമീറ്റർ വരെയും പെയ്തതായാണ് വിവരം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും വരൾച്ച ബാധിച്ച പ്രദേശങ്ങൾക്ക് മഴ ആശ്വാസകരമാണെങ്കിലും ജലസംഭരണികൾ പുനരുജീവിപ്പിക്കാൻ ഈ മഴ മാത്രം മതിയാകില്ലെന്നാണ് വിലയിരുത്തൽ. വരണ്ടതും കട്ടിയായതുമായ മണ്ണിൽ ശക്തമായ മഴ പെട്ടെന്ന് ഒഴുകിയെത്തുന്നതിനാൽ മിന്നൽ പ്രളയത്തിനുള്ള സാധ്യതയുമുണ്ട്.∙ വാരാന്ത്യത്തിലും മഴ തുടരും വ്യാഴാഴ്ച രാത്രിയിലും കിഴക്കൻ ഇംഗ്ലണ്ടിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചയും ചിലയിടങ്ങളിൽ ശക്തമായ മഴ തുടരും. ശനിയാഴ്ചയും ഞായറാഴ്ചയും യുകെയുടെ വിവിധ ഭാഗങ്ങളിൽ മഴയും ശക്തമായ കാറ്റും ഉണ്ടാകാം. ബാങ്ക് ഹോളിഡേ തിങ്കളാഴ്ചയും അസ്ഥിരമായ കാലാവസ്ഥ തുടരാനാണ് സാധ്യത.


Fashion ⏭️

Back to top button