‘ഖലീഫ ദി ലെഗസി വരുന്നു’, ഒന്നാം ഭാഗത്തിന്റെ റിലീസ് ദിനം തന്നെ രണ്ടാം ഭാഗവും പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

പൃഥ്വിരാജ് സുകുമാരൻ, മോഹൻലാൽ
പോക്കിരി രാജയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരനും വൈശാഖും ഒന്നിച്ച ‘ഖലീഫ’ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. പൃഥ്വിരാജിന്റെ മികച്ച സ്‌ക്രീൻ പ്രെസൻസും ജേക്സ് ബിജോയിയുടെ സംഗീതവും മോഹൻലാലിന്റെ മാസ് ഇൻട്രോയും ഖലീഫയുടെ പ്രധാന ആകർഷണങ്ങളാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇപ്പോഴിതാ റിലീസ് ദിനത്തിൽ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ . ‘ഖലീഫ ദി ലെഗസി’ എന്നാണ് രണ്ടാം ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. ഇതോടെ രണ്ടാം ഭാഗത്തിലെ കഥയും കഥാപാത്രങ്ങളും സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.
വ്യത്യസ്ത ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്റെ പ്രകടനത്തിനൊപ്പം മോഹൻലാലിന്റെ അതിഥി വേഷമാണ് ഒന്നാം ഭാഗമായ ഖലീഫയിൽ ശ്രദ്ധേയമാകുന്നത്. കുടുംബ പ്രേക്ഷകർ, യുവാക്കൾ എന്നിവരെ ഒരുപോലെ ആകർഷിക്കുന്ന മാസ് എന്റർടെയ്‌നറായി ‘ഖലീഫ’ ദി ലെഗസി എത്തുമെന്നാണ് പ്രതീക്ഷ. കുടുംബ പാരമ്പര്യം, കുറ്റകൃത്യങ്ങൾ, പ്രതികാരം, ക്രിമിനൽ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടം എന്നിവയാണ് ഒന്നാം ഭാഗത്തിന്റെ പ്രമേയം.
ഒന്നാം ഭാഗത്തിന്റെ കഥയിലും കഥപറച്ചിലിലും വലിയ പുതുമയില്ലെങ്കിലും, കഥാപാത്രങ്ങളുടെ പ്രകടനവും ഇടയ്ക്കിടെയെത്തുന്ന ട്വിസ്റ്റുകളും സർപ്രൈസുകളും ‘ഖലീഫ’യെ ഒരു ശരാശരി സിനിമയാക്കി മാറ്റുന്നുണ്ട്. നീൽ നിതിൻ മുകേഷ്, ഇന്ദ്രൻസ്, സഞ്ജു ശിവറാം, ഷമ്മി തിലകൻ എന്നിവരുടെ പ്രകടനവും മികച്ചതായി. ഇന്റർവെല്ലിന് തൊട്ടുമുമ്പുള്ള 30 മിനിറ്റും മോഹൻലാലിന്റെ ബിൽഡ്അപ്പ് രംഗങ്ങളും മികച്ച തിയേറ്റർ അനുഭവം നൽകുന്നുണ്ട്. ജിനു എബ്രഹാമാണ് തിരക്കഥ. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവ്വഹിച്ചു.
പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ ഡയറക്‌ടേഴ്സ്: ചേതൻ ഡിസൂസ യാനിക് ബെൻ ഫീനിക്സ് പ്രഭു, കോ ഡയറക്ടർ: സുരേഷ് ദിവാകർ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പ്രൊമോഷൻസ്: വിപിൻ കുമാർ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ, സ്റ്റിൽസ്: സിനത് സേവിയർ.
Business ⏭️


