NEWS

അനിലിന്റെ മനക്കരുത്തിൽ തളർന്ന കാലുകൾ സുല്ലിട്ടു

കൊച്ചി: പണിസ്ഥലത്തെത്തിയാൽ കാലുകൾക്ക് ചലനശേഷിയില്ലെന്നത് അനിൽകുമാർ മറക്കും. കെട്ടിടങ്ങളുടെ അടിത്തറ കെട്ടൽ മുതൽ വാർക്കൽ വരെ കരുത്തുറ്റ കൈകളിൽ ഭദ്രം. 22 വർഷമായി കെട്ടിടനിർമ്മാണ തൊഴിലാളിയാണ് കൊല്ലം നാന്തിരിക്കൽ പുതുവൽവിള പുത്തൻവീട്ടിൽ അനിൽകുമാർ (42). ആറു വയസു വരെ ഓടിച്ചാടി നടന്നിരുന്നു. ജീവിതം മാറ്റിമറിച്ചത് പനിക്ക് നൽകിയ കുത്തിവയ്പാണ്. കാലുകൾ വളഞ്ഞ്, സ്വാധീനം നഷ്ടപ്പെട്ടു.

പത്താം ക്ലാസ് പഠനത്തിന് ശേഷം നാട്ടിലെ മൈക്ക് സെറ്റ് സ്ഥാപനത്തിൽ സഹായിയായി. ആറുവർഷം അവിടെ തുടർന്നു. സ്ഥിര വരുമാനമില്ലാത്തത് പ്രതിസന്ധിയായി. അങ്ങനെയാണ് സഹോദരനൊപ്പം കെട്ടിടപ്പണിക്ക് പോയിത്തുടങ്ങിയത്. ആദ്യമൊക്കെ കമ്പി കെട്ടലും ആണി പറിക്കലുമായിരുന്നു ജോലി. തട്ടടിയും വാർപ്പുമെല്ലാം പതിയെ പഠിച്ചെടുത്തു. ചെറുപ്പത്തിൽ മരത്തിൽ കയറി ശീലമുള്ളതുകൊണ്ട് ഉയരത്തിലിരുന്ന് പണിയെടുക്കാൻ അനിൽകുമാറിന് പേടിയില്ല. ജനൽ കമ്പിയിൽ ചവിട്ടിയും മറ്റും വാർക്കസ്ഥലത്ത് കയറിപ്പറ്റും. കൂടെയുള്ളവരും സഹായിക്കും. സഹോദരന്റെ ബൈക്കിന് പിന്നിലിരുന്നായിരുന്നു ആദ്യമൊക്കെ യാത്ര. കൂലിയിൽ നിന്ന് പണം സ്വരൂപിച്ച് പിന്നീട് മുച്ചക്രവാഹനം വാങ്ങി. രണ്ട് ആൺമക്കളെയും നന്നായി പഠിപ്പിക്കുന്നുണ്ട്. മൂത്തയാൾ അഭിഷേക് സൗണ്ട് എൻജിനിയറിംഗ് വിദ്യാർത്ഥിയും ഇളയവൻ അഭിജിത്ത് പ്ലസ് ടു വിദ്യാർത്ഥിയുമാണ്. രണ്ടുപേരെയും നല്ല നിലയിലെത്തിക്കുകയാണ് ലക്ഷ്യം. മാതാവ് റീത്തയും അനിലിനൊപ്പമാണ്.

ജോലികൾ പലത്

പ്ലംബിംഗ്, വയറിംഗ് ജോലികളും അനിൽ ചെയ്യാറുണ്ട്. ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിച്ച സ്വന്തം വീടിന്റെ ഭൂരിഭാഗം പണികളും അനിൽകുമാറാണ് പൂർത്തിയാക്കിയത്. പണിക്കിടെ രണ്ടുതവണ ഉയരത്തിൽ നിന്ന് വീണെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

പണിസ്ഥലത്തെത്തുമ്പോൾ വീട്ടുകാർക്ക് ആദ്യം ആശങ്ക തോന്നാറുണ്ട്.ജോലിയുടെ വേഗവും കൃത്യതയും കാണുമ്പോൾ സംശയങ്ങളെല്ലാം മാറും. ഒപ്പമുള്ള തൊഴിലാളികളുടെ പിന്തുണയുമാണ് കരുത്ത്

-അനിൽകുമാർ

Read News ⏭️

Back to top button