NEWS
‘ഇന്ത്യൻ സൈന്യത്തോട് മാപ്പ് പറയുന്നു’: പ്രതികരണവുമായി ‘ജെൻ സി’ വിഡിയോയിലെ യുവതി

ന്യൂഡൽഹി∙ ലഡാക്കിലെ റോഡ് അടച്ചിട്ടതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ട് സംസാരിച്ച 25 കാരി ക്ഷാമാപണം നടത്തി. സംഭവത്തിന്റെ വിഡിയോ വൈറലായിരുന്നു. റോഡരികിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നപ്പോൾ ഉണ്ടായ നിരാശയും ദേഷ്യവും കൊണ്ടാണ് അങ്ങനെ സംസാരിച്ചതെന്ന് യുവതി ‘എൻഡിടിവിയോട്’ പറഞ്ഞു. ലഡാക്കിൽനിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതിയും സംഘവും. സൈന്യത്തെ അപമാനിക്കാനോ ഈ സംഭവത്തിലൂടെ പ്രശസ്തയാകാനോ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഇന്ത്യൻ സൈന്യത്തെ ബഹുമാനിക്കുന്നു. തന്റെ വാക്കുകൾ കാരണം അവർക്ക് വിഷമമുണ്ടാകുമെന്ന് കരുതിയില്ലെന്നും യുവതി പറഞ്ഞു.സുരക്ഷാ ജീവനക്കാരുമായി യുവതി തർക്കിക്കുന്നതും, മറ്റ് യാത്രക്കാരെ തടഞ്ഞു നിർത്തിയശേഷം മന്ത്രി ഉൾപ്പെടെയുള്ള ചിലരെ കടത്തിവിട്ടതിനെ ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കാണാം. സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമ്പോൾ നിരവധി വിനോദസഞ്ചാരികൾ യുവതിയെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിലുണ്ട്.‘ മന്ത്രിക്ക് മാത്രം എങ്ങനെ പോകാൻ കഴിഞ്ഞു… ഞങ്ങൾ ജെൻ സി ആണ്. ഞങ്ങൾ ഇത് സഹിക്കില്ല’–പെൺകുട്ടിയുടെ ഈ പരാമർശവും ശ്രദ്ധ നേടിയിരുന്നു. ചുറ്റുമുള്ള ആളുകൾ പ്രോത്സാഹിപ്പിച്ചപ്പോള്‍ അറിയാതെ ‘ജെ സി’ എന്നു പറഞ്ഞതാണെന്നാണ് പെൺകുട്ടി ഇതേക്കുറിച്ച് പ്രതികരിച്ചത്.
Fashion ⏭️


