SPORTS
ഇതെന്താ ഫോട്ടോസ്റ്റാറ്റോ..! അച്ഛന്റെ ആ ‘സിഗ്നേച്ചർ’ ഷോട്ടുമായി ആര്യവീർ; ബാറ്റിങ്ങിൽ തിളങ്ങി മുൻ ഇന്ത്യൻ താരത്തിന്റെ മകൻ– വിഡിയോ

ന്യൂഡൽഹി ∙ ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിളങ്ങിയ പല സൂപ്പർ താരങ്ങളുടെയും മക്കൾ ഇപ്പോൾ മൈതാനത്ത് തിളക്കമാർന്ന പ്രകടനം നടത്തുന്നുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡും ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇവരുടെ സമകാലികനായിരുന്ന മറ്റൊരു ഇന്ത്യൻ സൂപ്പർ താരത്തിന്റെ രണ്ടു മക്കളും ഇപ്പോൾ ക്രിക്കറ്റ് മൈതാനത്ത് തിളങ്ങുകയാണ്. മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗിന്റെ മക്കളായ ആര്യവീർ സേവാഗും വേദാന്ത് സേവാഗുമാണ് ‘കളി കാര്യമാക്കിയിരുന്നത്’. ഡൽഹി പ്രിമിയർ ലീഗിൽ ഇരുവരും വ്യത്യസ്ത ടീമുകൾക്കു വേണ്ടിയാണ് കളിക്കുന്നത്.ഓപ്പണറായി ഇറങ്ങിയ 18 വയസ്സുകാരനായ ആര്യവീർ 14 പന്തുകളിൽ നിന്ന് 4 ഫോറുകൾ അടക്കം 22 റൺസ് എടുത്തു. 2011ലെ ഏകദിന ലോകകപ്പിൽ അയർലൻഡിനെതിരെ സേവാഗ് അടിച്ച ബാക്ക്-ഫുട്ട് പഞ്ചിനോട് ഏറെ സാമ്യമുള്ളതായിരുന്നു ഈ ഷോട്ട്. ഇതിന്റെ രണ്ടിന്റെയും ദൃശ്യങ്ങൾ ഡിപിഎൽ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. ‘ഫോട്ടോസ്റ്റാറ്റ്’ എന്നാണ് മറ്റൊരു മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ഇതിനു കമന്റിട്ടത്. മത്സരത്തിൽ ആറു വിക്കറ്റിന് വെസ്റ്റ് ഡൽഹി ലയൺസ് വിജയിച്ചു. അതേസമയം, ബാറ്റിങ് ഓൾറൗണ്ടറായ വേദാന്ത് സേവാഗ്, ഈ സീസണിനു മുന്നോടിയായാണ് വെസ്റ്റ് ഡൽഹി ലയൺസിൽനിന്ന് സെൻട്രൽ ഡൽഹി കിങ്സിലെത്തിയത്. ഇതുവരെ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ലെങ്കിലും സബ്സ്റ്റിറ്റ്യൂട്ടായി ഫീൽഡിങ് ഉൾപ്പെടെ മൈതാനത്ത് ഇറങ്ങുന്ന വേദാന്ത്, മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
Auto ⏭️


