NEWS
സുപ്രീം കോടതി കൈവിട്ടു: കമ്മിഷൻ സമ്മർദത്തിൽ

ന്യൂഡൽഹി ∙ വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള ‘ഫോം 6’ അപേക്ഷയിലെ മാറ്റം അംഗീകരിച്ചിട്ടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയതോടെ തിരഞ്ഞെടുപ്പു കമ്മിഷൻ സമ്മർദത്തിൽ. കമ്മിഷന്റെ നടപടികൾ സുപ്രീം കോടതി ശരിവച്ചതാണെന്ന വാദമാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കത്തിൽ സ്ഥാപനം ഉയർത്തിയത്. ഈ വിഷയം വീണ്ടും കോടതി മുൻപാകെ വരുന്നത് കമ്മിഷന് വെല്ലുവിളിയാണ്.ഫോം 6ന്റെയോ അനുബന്ധ സത്യവാങ്മൂലത്തിന്റെയോ സാധുത ഒരു ഘട്ടത്തിലും പരിശോധിച്ചതായി സുപ്രീം കോടതിയുടെ ഉത്തരവുകളില്ല. ഹർജിക്കാർപോലും ഇതുന്നയിച്ചിട്ടില്ലെന്നു മേയ് 27ലെ വിധിയിൽ വ്യക്തമാണ്. ബിഹാറിലെ എസ്ഐആറിനുള്ള വിജ്ഞാപനത്തിൽ ഫോം 6നൊപ്പം അധിക സത്യവാങ്മൂലം ഉണ്ടായിരുന്നു. മറ്റിടങ്ങളിലെ എസ്ഐആറിൽ ഈ സത്യവാങ്മൂലത്തിന്റെ ഘടന കമ്മിഷൻ മാറ്റുകയും ചെയ്തു. ബിഹാർ എസ്ഐആർ വിജ്ഞാപനം ശരിവച്ചിരിക്കെ അതിന്റെ ഭാഗമായിരുന്ന സത്യവാങ്മൂലം കോടതി അംഗീകരിച്ചെന്ന വാദമാണ് കമ്മിഷൻ പരോക്ഷമായി ഉന്നയിക്കുന്നത്. ഫോം 6ൽ മാറ്റം വരുത്തുന്നതിനു റജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് ചട്ടത്തിൽ ഭേദഗതി വേണം. ഈ വാദം 2 കമ്മിഷണർമാർ ഉന്നയിച്ചെന്നും ഇതു മറികടന്നാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ തീരുമാനവുമായി മുന്നോട്ടുപോയതെന്നുമുള്ള വിവരമാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ അടിസ്ഥാനം.പ്രതിഷേധിക്കാൻ അനുമതി: വാദം കേൾക്കും ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അനുമതി നൽകണമെന്ന് ഡൽഹി പൊലീസിനോട് നിർദേശിക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കും. വിദ്യാർഥികൾ, രാഷ്ട്രീയപാർട്ടികൾ, എംപിമാർ തുടങ്ങിയവർക്ക് പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിക്കുന്നുവെന്നാണ് പ്രിയ മിശ്ര നൽകിയ ഹർജിയിലുള്ളത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ഡൽഹിയിൽ ഓരോ ദിവസവും ശക്തിപ്പെടുന്നതിനിടെയാണ് കൂടുതൽ സംഘടനകൾ പ്രതിഷേധത്തിന് അനുമതി തേടുന്നത്.
Fashion ⏭️




