SPORTS
‘മൂന്നോ നാലോ വർഷത്തെ സമയം എനിക്കു തരൂ; ഐപിഎൽ മാത്രമല്ല, രാജ്യാന്തര മത്സരങ്ങൾ വരെ പുതുപ്പള്ളിയിൽ നടത്തും’

കോട്ടയം ∙ പുതുപ്പള്ളിയിൽ ക്രിക്കറ്റ് സ്റ്റേഡിയം വരുമെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഐപിഎൽ മത്സരങ്ങൾ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുകയാണ് ലക്ഷ്യമെന്നും ഇതിനായി മൂന്നാം നാലോ വർഷത്തെ സമയം നൽകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ വിദേശനിക്ഷേം സ്വീകരിക്കാൻ തയാറാണെന്നും എംഎൽഎ പറഞ്ഞു. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ക്രിക്കറ്റ് സ്റ്റേഡിയം മാത്രമല്ല ലക്ഷ്യമെന്നും പുതുപ്പള്ളിയെ ഒരു സ്പോർട്സ് സിറ്റിയാക്കി മാറ്റുകയാണ് സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. അതിനു വേണ്ടി വിദേശനിക്ഷേ സ്വീകരിക്കാൻ വരെ തയാറാണെന്നും എംഎൽഎ പറഞ്ഞു. ‘‘ഞാൻ എന്റെ പിതാവിന്റെ ഓർമദിവസം പറഞ്ഞപോലെ ഒരു സ്പോർട്സ് സിറ്റി പുതുപ്പള്ളിയിൽ സ്ഥാപിക്കുക എന്നുള്ളതാണ് ആഗ്രഹം. അതിനുവേണ്ടിയുള്ള പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി ആവശ്യമെങ്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻവെസ്റ്റർ മീറ്റിനു വരെ തയാറായി ഞാൻ ഇരിക്കുകയാണ്. ഒരു സംശയവുമില്ല, ഞാൻ നടത്തിയിരിക്കും. മൂന്നോ നാലോ വർഷത്തെ സമയം എനിക്കു തന്നാൽ മതി.’’ – ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം പുതുപ്പള്ളിയിൽ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് 2026 നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷവും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. റെക്കോർഡ് ഭൂരിപക്ഷമായ 52,907 വോട്ടിനാണ് ചാണ്ടി ഉമ്മൻ ഇത്തവണ പുതുപ്പള്ളിയിൽ വിജയിച്ചത്. ചാണ്ടി ഉമ്മന്റെ ശ്രമഫലമായി പുതുപ്പള്ളിയിൽ ഏപ്രിലിൽ ഐപിഎൽ ഫാൻ പാർക്ക് കൊണ്ടുവന്നിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ മത്സരം നടത്തുമെന്ന് ഫാൻ പാർക്കിലെത്തിയപ്പോഴും ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചിരുന്നു. ഫാൻ പാർക്ക് സംഘടിപ്പിക്കാൻ സഹായിച്ച ബിസിസിഐയോടും കെസിഎയോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് പള്ളി മൈതാനത്താണ് ഫാൻ പാർക്ക് സംഘടിപ്പിച്ചിരുന്നത്.
Auto ⏭️


