SPORTS
‘പന്ത് തിരിയുന്നില്ല, അവന്റെ ശരീരം മാത്രമേ തിരിയുന്നുള്ളൂ; ഈ സ്പിന്നറെ ഇന്ത്യൻ ടീമിൽനിന്നു പുറത്താക്കണം’: കടുപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

നിഷീൻ∙ ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സ്വർണം നിലനിർത്തി. ആവേശകരമായ ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെ 19 റൺസിനു തോൽപിച്ചാണ് ഇന്ത്യ തുടർച്ചയായ രണ്ടാം സ്വർണം നേടിയത്. സ്കോർ: ഇന്ത്യ 20 ഓവറിൽ 6ന് 211. പാക്കിസ്ഥാൻ 20 ഓവറിൽ 6ന് 192. എന്നാൽ മത്സരശേഷം ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. മൂന്ന് ഓവറിൽ വിക്കറ്റൊന്നും നേടാനാകാതെ 44 റൺസാണ് ബിഷ്ണോയ് ഫൈനൽ മത്സരത്തിൽ വഴങ്ങിയത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പന്ത് തിരിയാതെ ബിഷ്ണോയിയുടെ ശരീരം മാത്രമാണ് തിരിയുന്നതെന്ന് മുൻ ചീഫ് സിലക്ടർ കൂടിയായ ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലിലെ വിഡിയോയിൽ പരിഹസിച്ചു. ‘‘ആളുകൾ അവനെ അനാവശ്യമായി പുകഴ്ത്തിക്കൊണ്ടേയിരിക്കുന്നു, ഒടുവിൽ എപ്പോഴെങ്കിലും ഒരു മത്സരത്തിൽ അവൻ നന്നായി കളിച്ചേക്കാം. ഏതൊരു ക്രിക്കറ്ററെയും നിങ്ങൾ ഇങ്ങനെ പുകഴ്ത്തിക്കൊണ്ടിരുന്നാൽ അയാൾ എപ്പോഴെങ്കിലും ഒരു മത്സരത്തിൽ നന്നായി കളിക്കുന്നത് സ്വാഭാവികമാണ്. അതിനുശേഷം, അടുത്ത 10 മത്സരങ്ങളിൽ പരാജയപ്പെട്ടാലും അവൻ ഫോമിലേക്ക് തിരിച്ചെത്തിയെന്ന് അവർ പറയും. ഒരു ലെഗ് സ്പിന്നർ ആദ്യം പന്ത് തിരിപ്പിക്കാൻ പഠിക്കണം. പാക്കിസ്ഥാന്റെ സാധാരണ സ്പിന്നർമാർ പോലും പന്ത് തിരിപ്പിക്കുന്നുണ്ടായിരുന്നു. അഭിഷേക് ശർമ പോലും പന്ത് സ്പിൻ ചെയ്യിക്കുന്നുണ്ടായിരുന്നു.’’– ശ്രീകാന്ത് പറഞ്ഞു. ‘‘ബിഷ്ണോയി പന്തെറിഞ്ഞാൽ ജയിക്കാനാകുമെന്ന് പാക്കിസ്ഥാൻ യഥാർഥത്തിൽ വിശ്വസിച്ചിരുന്നു. അവൻ പന്തെറിയുമ്പോൾ പാക്കിസ്ഥാൻകാരല്ല, മറിച്ച് ഇന്ത്യക്കാരാണ് ഭയപ്പെടുന്നത്. സ്പിൻ പിച്ചിൽ ഓവറിൽ 14 റൺസ് വഴങ്ങാൻ അവനല്ലാതെ മറ്റാർക്കും കഴിയില്ല. ഒരു സാധാരണ ആൾ പോലും അത്രയും റൺസ് വിട്ടുകൊടുക്കില്ല. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇത്രയധികം റൺസ് വഴങ്ങാൻ രവി ബിഷ്ണോയിക്ക് മാത്രമേ സാധിക്കൂ. അർഹരായ മറ്റ് ബോളർമാർക്കും സ്പിന്നർമാർക്കും അവസരം ലഭിക്കുന്നതിനായി അവനെ ടീമിൽ നിന്ന് പുറത്താക്കണം.’’– ശ്രീകാന്ത് കൂട്ടിച്ചേർത്തു.
Auto ⏭️




