BUSINESS
ട്രംപിന്റെ തീരുവയും ഫലിച്ചില്ല, 40 ലക്ഷം കോടി പിന്നിട്ട് അമേരിക്കൻ പൊതുകടം, 10 വർഷത്തിനിടെ ഇരട്ടിയായി, ഇന്ത്യയെ ബാധിക്കുമോ?

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ മുൾമുനയിലാക്കിയ താരിഫ് യുദ്ധവും ഏറ്റില്ല. അമേരിക്കയിലെ പൊതുകടം ഇതാദ്യമായി 40 ലക്ഷം കോടി ഡോളർ (ഏകദേശം 3827 ലക്ഷം കോടി രൂപ) പിന്നിട്ടു. എന്നുവച്ചാൽ ഓരോ അമേരിക്കൻ പൗരനും 3,59,000 ഡോളറിന്റെ കടക്കാരാണ്. പ്രതീക്ഷിച്ചതിനേക്കാളും ഒരു വർഷം നേരത്തെയാണ് പൊതുകടം ഇത്രയുമായത്. ഡോണൾഡ് ട്രപും ജോ ബൈഡനും പ്രസിഡന്റുമാരായിരുന്ന 10 വർഷത്തിനിടെയാണ് കടം ഇരട്ടി ആയതെന്നും ട്രഷറി വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നു. നിലവിലെ കണക്കുകൾ പ്രകാരം ലോകത്തിൽ ഏറ്റവും കടബാധ്യതയുള്ള രാജ്യവും യുഎസാണ്. തൊട്ടുപിന്നിലുള്ള ചൈനയ്ക്ക് 13.60 ലക്ഷം കോടി ഡോളറാണ് കടബാധ്യത. ഇക്കാര്യത്തിൽ ഏറെ പിന്നിലുള്ള ഇന്ത്യയുടെ കടബാധ്യത വെറും 2.17 ലക്ഷം കോടി ഡോളറാണ്. 2017 ജനുവരിയിൽ ട്രംപ് ആദ്യമായി പ്രസിഡന്റ് പദവിയിലെത്തുമ്പോൾ പൊതുകടം 19.95 ലക്ഷം കോടി ഡോളർ മാത്രമായിരുന്നു. കോവിഡ് പ്രതിസന്ധിയെ നേരിടാൻ അനിയന്ത്രിതമായി വായ്പയെടുത്തതാണ് കടം വർധിക്കാനുള്ള കാരണങ്ങളിലൊന്ന്. പ്രസിഡന്റുമാർ സ്വീകരിച്ച സാമ്പത്തിക നയങ്ങളും സർക്കാരിന്റെ ചെലവിടലും കടബാധ്യത വർധിക്കാൻ കാരണമായെന്നും വിദഗ്ധർ. നിലവിലെ അവസ്ഥ തുടർന്നാൽ അടുത്ത 6 വർഷങ്ങൾക്കുള്ളിൽ പൊതുകടം 50 ലക്ഷം കോടി ഡോളർ കടക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് മൂന്നു വർഷങ്ങൾക്കുള്ളിൽ സംഭവിക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. അമേരിക്കയിലെ കടബാധ്യത വർധിക്കുന്നതിനു മറ്റു ചില കാരണങ്ങളും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കക്കാരുടെ ശരാശരി വയസ് കൂടുന്നതാണ് ഇതിലൊന്ന്. ശരാശരി 10,000 പേരാണ് അമേരിക്കയിൽ ഓരോ ദിവസവും ജോലിയിൽ നിന്ന് വിരമിക്കുന്നത്. ഇവരുടെ ആരോഗ്യത്തിനും സാമൂഹ്യ സുരക്ഷയ്ക്കും വേണ്ടി സർക്കാർ ചെലവിടുന്ന തുകയും കൂടുതലാണ്. കൂടാതെ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ നികുതി വെട്ടിക്കുറയ്ക്കാനും സർക്കാരിന്റെ ചെലവിടൽ കൂട്ടാനുമുള്ള നിരവധി ബില്ലുകളും യുഎസ് കോൺഗ്രസ് പാസ്സാക്കി. 2025ൽ ട്രംപ് പാസ്സാക്കിയ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ ഇതിനു ഉദാഹരണമാണ്. ആശങ്ക ഇങ്ങനെപൊതുകടം അതിവേഗത്തിൽ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കഴിഞ്ഞ അഞ്ച് മാസങ്ങൾക്കിടെയാണ് കടത്തിൽ ഒരുലക്ഷം കോടി ഡോളറിന്റെ വർധനയുണ്ടായത്. റവന്യൂ വരുമാനത്തേക്കാൾ കൂടുതലാണ് സർക്കാരിന്റെ ചെലവിടൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങൾക്കുള്ളിൽ കമ്മി 1.8 ലക്ഷം കോടി ഡോളറായി. ഇതിനു പുറമെ പലിശ നിരക്ക് വർധിച്ചതും തിരിച്ചടിയായി. പലിശ നിരക്ക് കുറഞ്ഞു നിന്നത് സർക്കാരുകൾക്ക് വായ്പയെടുക്കാൻ ഏറെക്കാലം സഹായകരമായിരുന്നു. എന്നാൽ കോവിഡിനു ശേഷമുണ്ടായ പണപ്പെരുപ്പത്തെ നേരിടാൻ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്താൻ തുടങ്ങി. ഇതോടെ സർക്കാരിന്റെ ചെലവും വർധിച്ചു. ഇക്കൊല്ലം ഒരുലക്ഷം കോടി ഡോളർ പലിശ ഇനത്തിൽ മാത്രം യുഎസ് തിരിച്ചടക്കേണ്ടി വരുമെന്നാണ് കണക്ക്. യുഎസ് കടക്കെണി ഉയരുന്നത് അമേരിക്കയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെയും ഇത് ബാധിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരു ലക്ഷം കോടി ഡോളറിനു മുകളിലാണ് യുഎസിന് ഇക്കൊല്ലം പലിശ ഇനത്തിൽ മാത്രം തിരിച്ചടക്കേണ്ടത്. ഇതുകണ്ടെത്താൻ യുഎസ് കൂടുതൽ കടപത്രങ്ങൾ ഇറക്കിയേക്കും. ഇതോടെ ഇന്ത്യ അടക്കമുള്ള എമേർജിങ് വിപണികളിൽ നിന്ന് വിദേശ നിക്ഷേപകർ യുഎസ് കടപത്രങ്ങളിലേക്ക് മാറും. വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിനും ഓഹരി വിപണിക്കും തിരിച്ചടിയാണ്.
Travel ⏭️


