BUSINESS
ഇന്ത്യൻ നഗരങ്ങൾക്ക് ഇനി ‘കൊച്ചി മോഡൽ’; വാട്ടർ മെട്രോ രാജ്യമെമ്പാടും വ്യാപിപ്പിക്കാൻ കേന്ദ്ര പദ്ധതി

National Water Metro Guidelines 2026: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ ഭാരതത്തിന് മുഴുവൻ വഴികാട്ടിയാവുകയാണ്. നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് ശ്വാശ്വത പരിഹാരമായി ഈ ജലമാർഗം വിലയിരുത്തപ്പെടുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വിഭാവനം ചെയ്ത ഈ ജലയാത്രാ മാതൃക വരുംവർഷങ്ങളിൽ ഇന്ത്യയുടെ നഗര ഗതാഗത ഭൂപടത്തെത്തന്നെ മാറ്റിമറിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം കൊച്ചി വാട്ടർ മെട്രോയെ അടിസ്ഥാനമാക്കി ഇന്ത്യയൊട്ടാകെ ജലഗതാഗത ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും, പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും കൊച്ചി നടപ്പിലാക്കിയ മാതൃക രാജ്യത്തിന് വലിയൊരു പ്രതീക്ഷയാകുകയാണെന്ന് സാരം.കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് മാതൃകഇന്ത്യയിലെ ഏക വാട്ടർ മെട്രോയാണ് കൊച്ചിയിൽ വിജയകരമായി സർവീസ് തുടരുന്നത്. പ്രവർത്തനം തുടങ്ങി 3 വർഷത്തിലേറെയായിട്ടും അപകടങ്ങളൊന്നുമില്ലാതെ 65 ലക്ഷത്തിലധികം യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാൻ ഈ പദ്ധതിക്ക് സാധിച്ചു. 20 ബോട്ടുകൾ കൊണ്ട് റോഡുകളിലെ കുരുക്കിന് വലിയ ശമനം കൊണ്ടുവരാൻ സാധിച്ചു. പൂർണ്ണമായും ഇലക്ട്രിക് ബോട്ടുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ പരിസ്ഥിതിക്കും, സമുദ്ര സമ്പത്തിനും യാതൊതു കോട്ടവുമില്ല.വെറുമൊരു ബോട്ട് സർവീസിന് പകരം ഡിജിറ്റൽ ടിക്കറ്റിംഗ്, മൾട്ടിമോഡൽ കണക്റ്റിവിറ്റി, കൃത്യമായ സമയക്രമം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ സംയോജിപ്പിച്ച ഒരു പൂർണ്ണ നഗര ഗതാഗത സംവിധാനമാണ് കൊച്ചി വാട്ടർ മെട്രോ. ഇതൊരു ടൂറിസം മോഡലായി പോലും മാറികഴിഞ്ഞു. ലിഥിയം-ടൈറ്റാനിയം ബാറ്ററി (Lithium-Titanium Battery) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബോട്ടുകളാണ് കൊച്ചിയിലുള്ളത്. ജലജീവികൾക്കും തീരദേശത്തിനും ആഘാതമുണ്ടാക്കാത്ത വിധമാണ് ഇവയുടെ രൂപകൽപ്പന.ദേശീയ നയം: ‘നാഷണൽ വാട്ടർ മെട്രോ ഗൈഡ്ലൈൻസ് 2026’കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രാലയം (MoPSW) ‘National Water Metro Guidelines, 2026’ തയ്യാറാക്കിവരുന്നുവെന്ന് മിന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജലയാത്രയുടെ സുരക്ഷാ മാനദണ്ഡങ്ങൾ, സാങ്കേതിക നിർദ്ദേശങ്ങൾ, സീറോ എമിഷൻ ചട്ടക്കൂടുകൾ, സാമ്പത്തിക സഹായങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.പ്രത്യേക നിയമവും ‘വാട്ടർ മെട്രോ ആക്റ്റും”വാട്ടർ മെട്രോ ആക്റ്റ്’ (Water Metro Act) എന്ന പേരിൽ ഒരു ദേശീയ നിയമം വേണമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്റയും ആവശ്യപ്പെടുന്നു. നിലവിൽ സംസ്ഥാനങ്ങൾ, ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി, മാരിടൈം ബോർഡുകൾ എന്നിങ്ങനെ വ്യത്യസ്ത ഏജൻസികളുടെ പരിധിയിൽ വരുന്ന ജലഗതാഗതത്തിന് ഏകീകൃത നിയമവും, റെഗുലേറ്ററി അതോറിറ്റിയും അത്യാവശ്യമാണെന്ന് സാരം.ഇന്ത്യയൊട്ടാകെ വികസന പദ്ധതികൾകെഎംആർഎല്ലും, ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റിയും (IWAI) ചേർന്ന് രാജ്യത്തെ 18 കേന്ദ്രങ്ങളിൽ സാദ്ധ്യതാ പഠനം പൂർത്തിയാക്കിയെന്നും മിന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുംബൈ, ഗോവ എന്നിവിടങ്ങളിലേക്ക് വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കുന്നുണ്ട്. മുംബൈയിൽ മാത്രം 180 മുതൽ 200 വരെ ബോട്ടുകൾ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ. ഗുജറാത്ത്, ഒഡീഷ, കർണാടക എന്നീ സംസ്ഥാനങ്ങളും വാട്ടർ മെട്രോ പഠനങ്ങൾക്കായി സമീപിച്ചിട്ടുണ്ട്. വാരാണസി, അയോധ്യ, പട്ന, കൊൽക്കത്ത എന്നിവിടങ്ങളിൽ ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടുകളും, വാരാണസിയിൽ ഹൈഡ്രജൻ ഫ്യുവൽ സെൽ ബോട്ടും പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.ബോട്ട് നിർമ്മാണത്തിലെ വെല്ലുവിളികൾകൊച്ചിക്കായി കൊച്ചിൻ ഷിപ്പ്യാർഡ് (Cochin Shipyard) ആണ് ബോട്ടുകൾ നിർമ്മിച്ചത്. എന്നാൽ രാജ്യമെമ്പാടും വാട്ടർ മെട്രോ വ്യാപിക്കുമ്പോൾ നൂറുകണക്കിന് ബോട്ടുകൾ ആവശ്യമായി വരും. ഇതിനായി തദ്ദേശീയമായി കൂടുതൽ കപ്പൽശാലകൾ സജ്ജമാക്കേണ്ടി വരും. അല്ലാത്തപക്ഷം ആവശ്യമായ ബോട്ടുകൾ തയ്യാറാക്കാൻ കൊച്ചിൻ ഷിപ്പയാർഡിന് വർഷങ്ങൾ എടുക്കും.KMRL-ന്റെ പുതിയ പങ്ക് & വിഷൻ 2047ഡൽഹി മെട്രോ മറ്റ് സംസ്ഥാനങ്ങൾക്ക് ഉപദേശം നൽകിയതുപോലെ, കൊച്ചി മെട്രോയും (KMRL) മറ്റ് സംസ്ഥാനങ്ങൾക്ക് പദ്ധതികൾ നടപ്പിലാക്കാനുള്ള സാങ്കേതിക സഹായവും വിജ്ഞാന വ്യാപനവും നൽകും. അ്ങ്ങനെ മറ്റൊരു കേരള മോഡൽ കൂടി ഇന്ത്യയെ സ്വാധീനിക്കുകയാണ്. പ്രവർത്തനം തുടങ്ങി അതിവേഗം ലാഭകരമായി മാറിയ കൊച്ചി മെട്രോ, ഇന്ന് സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ വിഷൻ 2047 പ്രകാരം ജലപാതകളുള്ള ഇന്ത്യയിലെ 50-ഓളം നഗരങ്ങളിൽ വാട്ടർ മെട്രോ നടപ്പിലാക്കാൻ സാധിക്കും. ഇത് വൻതോതിൽ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
Read News


