‘മുഖ്യമന്ത്രിയുടെ സ്ഥാനത്ത് വി ഡി സതീശന് പകരം പിണറായി’; രണ്ട് പിആർഡി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി

പിണറായി വിജയൻ, വി ഡി സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ സ്ഥാനത്ത് വി ഡി സതീശനുപകരം പിണറായി വിജയന്റെ പേരും ചിത്രവും ഉപയോഗിച്ചതിൽ നടപടിയുമായി സർക്കാർ. പിഴവ് വരുത്തിയ രണ്ട് പിആർഡി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സെക്രട്ടറിയേറ്റിലെ പിആർഡി ഡയറക്‌ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, വെബ് ആന്റ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസർ പ്രതീഷ് ഡി മണി എന്നിവരെയാണ് സ്ഥലം മാറ്റിയത്. പ്രതീഷ് ഡി മണിയെ ഡൽഹി ഇൻഫർമേഷൻ ഓഫീസറായും സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്.
വിഴിഞ്ഞം പദ്ധതി ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പകരം പിണറായി വിജയന്റെ ചിത്രമടങ്ങിയ പോസ്റ്റർ സാബു വാട്‌സാപ് ഗ്രൂപിലിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പോസ്റ്ററാണ് സാബു ഷെയർ ചെയ്‌തത്. സ്വാതന്ത്ര്യദിന പരിപാടിയുടെ വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രിയുടെ പേരിന്റെ സ്ഥാനത്ത് പിണറായി വിജയനെന്ന് തെറ്റായി ചേർത്തതിനാണ് പ്രതീഷിനെതിരെ നടപടിയെടുത്തത്.


