ശബരിമല വിമാനത്താവളം കൊടുമണിൽ നിർമ്മിക്കണം

പത്തനംതിട്ട: ശബരിമല വിമാനത്താവളം കൊടുമൺ പ്ളാന്റേഷൻ ഭൂമിയിൽ നിർമ്മിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി .പാർട്ടി സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരനും അനൂപ് ആന്റണിയും തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് ഉൾപ്പെടെയുള്ള നിവേദനം കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകി. അടുത്തിടെ കൊച്ചിയിലെത്തിയ റാം മോഹൻ നായിഡു, ശബരിമലയുടെ പേരിൽ വിമാനത്താവളം തന്റെ സ്വപ്നമാണെന്ന് പറഞ്ഞിരുന്നു.
ഒന്നാം പിണറായി സർക്കാർ എരുമേലി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നിരുന്നു.ഭൂമി സംബന്ധമായ അവകാശ തർക്കത്തിലും നിയമക്കുരുക്കിലും പദ്ധതി അനിശ്ചിതാവസ്ഥയിലായി. തുടർന്നാണ് കൊടുമൺ പ്ളാന്റേഷനിൽ നിർമ്മിക്കണമെന്ന ആവശ്യം ശക്തമായത്. പ്രവാസി സംഘടനകളും വിമാനത്താവളം ആക്ഷൻ കമ്മിറ്റിയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയിട്ടുണ്ട്.
3000 ഹെക്ടർ
ഭൂമി
കൊടുമൺ പ്ളാന്റേഷനിൽ 3000 ഹെക്ടർ ഭൂമിയാണുള്ളത്. അടൂർ താലൂക്കിലെ കൊടുമൺ, അങ്ങാടിക്കൽ, കലഞ്ഞൂർ, ഏനാദിമംഗലം വില്ലേജുകളിലാണ് പ്ളാന്റേഷൻ ഭൂമി വ്യാപിച്ചു കിടക്കുന്നത്. പദ്ധതിക്ക് വേണ്ടത് കുറഞ്ഞത് 1200 ഹെക്ടർ ഭൂമിയാണ്.
പ്ളാന്റേഷൻ കോർപ്പറേഷന്റെ കൊടുമൺ എസ്റ്റേറ്റിൽ റബർ, കശുഅണ്ടി, എണ്ണപ്പന കൃഷികളാണ് മുമ്പ് ഉണ്ടായിരുന്നത്. കോർപ്പറേഷൻ നഷ്ടത്തിലേക്ക് കൂപ്പു കുത്തിയതോടെ, 1500 തൊഴിലാളികളുണ്ടായിരുന്നത് 500ൽ താഴെയായി.
അനുകൂല
ഘടകങ്ങൾ
1. പരിസ്ഥിതിക്ക് ദോഷമില്ല.
2. ജലസ്രോതസുകളും സംഭരണികളും വനഭൂമിയുമില്ല.
3. നാൽപ്പത് കിലോമീറ്ററിനുള്ളിൽ നാല് റെയിൽവേ സ്റ്റേഷനുകൾ.
4. കെ.പി റോഡ്, എം.സി റോഡ്, പുനലൂർ – മൂവാറ്റുപുഴ, പത്തനംതിട്ട – മാവേലിക്കര റോഡുകൾ അടുത്ത്.
5. ശബരിമല തീർത്ഥാടനത്തിനും മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകൾക്കുമെത്തുന്ന വിശ്വാസികൾക്കും പ്രവാസികൾക്കും പ്രയോജനം.
6. കോന്നി ആനത്താവളം, ഗവി, പെരുന്തേനരുവി, മണിയാർ ടൂറിസം കേന്ദ്രങ്ങൾ സമീപം.
7. ഭൂമി ഏറ്റെടുക്കാൻ ജനങ്ങളെ ഒഴിപ്പിക്കേണ്ടതില്ല.
‘ ശബരിമല തീർത്ഥാടകരുടെ ദീർഘകാല ആവശ്യം കേന്ദ്ര സർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തി’.
-രാജീവ് ചന്ദ്രശേഖർ,
ബി.ജെ.പി സംസ്ഥാന
പ്രസിഡന്റ്




