NEWS
എസ്എഫ്ഐ വാദം തള്ളി വിഡിയോ: ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് കോടിയേരിയുടെ ഫ്ലെക്സ് ബോർഡ് കീറിയ യുവാവ്

കൊല്ലം ∙ എസ്എഫ്ഐ പ്രതിഷേധത്തിനിടെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് ബോർഡ് കീറിയ താൻ മുൻ എസ്എഫ്ഐക്കാരനും ഇപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകനുമാണെന്ന വിഡിയോയുമായി അക്‌ബർ ഷാ. അക്‌ബർ ഷായെ അറിയില്ലെന്നും അങ്ങനെയൊരാൾ സംഘടനയുടെ ഭാഗമല്ലെന്നും പ്രകടനത്തിനിടെ അപ്രതീക്ഷിതമായി ഓടിക്കയറിയതാണെന്നും എസ്എഫ്ഐ നൽകിയ വിശദീകരണത്തിന് മറുപടിയുമായാണ് വിഡിയോ സന്ദേശവുമായി അക്‌ബർ ഷാ എത്തിയത്. അതേ സമയം ബോർഡ് വലിച്ചു കീറിയ സംഭവത്തിൽ അക്‌ബർ ഷായ്ക്കെതിരെ എസ്എഫ്ഐ കൊല്ലം ഈസ്റ്റ് പൊലീസിന് പരാതി നൽകി. പാർട്ടി സമര പരിപാടിക്കിടെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ചയാൾക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പരാതി നൽകിയത്.30ന് തലസ്ഥാനത്ത് നടന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കൊല്ലം ഏരിയ കമ്മിറ്റി ഒന്നിന് നടത്തിയ പ്രതിഷേധ മാർച്ച് ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫിസിനു സമീപത്ത് എത്തിയപ്പോഴാണ് പ്രതിഷേധത്തിൽ പങ്കെടുത്ത അക്‌ബർ ഷാ, കോടിയേരി അനുസ്മരണത്തിനായി സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡ് തകർത്തത്. കോടിയേരിയുടെ പോസ്റ്റർ എസ്എഫ്ഐ പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകൻ നശിപ്പിക്കുന്ന ദൃശ്യം ചർച്ചയായതോടെ എസ്എഫ്ഐ പ്രതിരോധത്തിലായി. തുടർന്നാണ് അക്‌ബർ ഷായെ തള്ളി എസ്എഫ്ഐ വിശദീകരണക്കുറിപ്പ് ഇറക്കിയത്.
Fashion ⏭️




