NEWS

‘യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ പാക്കിസ്ഥാന് ചൈനീസ് സഹായം’; ഏത് ഭീഷണിയും നേരിടാൻ സജ്ജമെന്ന് വ്യോമസേന മേധാവി


ന്യൂഡൽഹി ∙ ചൈനയുടെ സഹായത്തോടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്. എന്നാൽ നിലവിൽ ഏത് തരത്തിലുള്ള ഭീഷണിയും നേരിടാൻ വ്യോമസേന പൂർണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 8ലെ വ്യോമസേനാ ദിനത്തിനു മുന്നോടിയായി നടത്തിയ വാർഷിക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാൻ വൈകാതെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി പാക്ക് പൈലറ്റുകൾ ചൈനയിൽ പരിശീലനം ആരംഭിച്ചതായും വിവരമുണ്ട്. ഇത് ആശങ്കാജനകമാണെങ്കിലും ഇന്ത്യയ്ക്ക് നേരിടാൻ കഴിയാത്ത ഒരു സാഹചര്യമല്ല നിലവിലുള്ളതെന്നാണ് എ.പി. സിങ് പറഞ്ഞത്. ഒരു യുദ്ധവിമാനം വാങ്ങുന്നത് കൊണ്ട് മാത്രം വ്യോമയുദ്ധങ്ങളിൽ വിജയിക്കാനാകില്ലെന്നും, അത് നമ്മുടെ സൈനിക സംവിധാനങ്ങളുമായി എത്രത്തോളം കാര്യക്ഷമമായി സംയോജിപ്പിച്ചിരിക്കുന്നു എന്നതിലാണ് കാര്യമെന്നും എ.പി. സിങ് ചൂണ്ടിക്കാട്ടി. മുൻപ് പാക്കിസ്ഥാന്റെ പക്കൽ മറ്റ് അത്യാധുനിക വിമാനങ്ങൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.


Fashion ⏭️

Back to top button