LIFESTYLE

കേരളത്തിൽ കെട്ടിടങ്ങൾ തകർന്നുവീഴുന്നത് പതിവാകുന്നു: തകരുന്നത് മലയാളിയുടെ സാമ്പത്തിക അടിത്തറയും സ്വപ്നങ്ങളും; കാരണമെന്ത്?


ഇതിപ്പോൾ എന്റെ അറിവിൽ മാത്രം ആറോ ഏഴോ ആയി, അറിയാത്തത് വേറെ ഉണ്ടാകാം. പറഞ്ഞു വന്നത് ഈ മഴക്കാലത്ത് കേരളത്തിൽ തകർന്നു വീണ കെട്ടിടങ്ങളുടെ എണ്ണമാണ്. ‘തകർന്നു വീഴുക’ എന്ന് വച്ചാൽ മലയിടിച്ചിലിലോ, മറ്റേതെങ്കിലും പ്രകൃതി ക്ഷോഭങ്ങളിലോ തകർന്ന കെട്ടിടങ്ങളുടെ കണക്കല്ല, നിർമാണത്തിൽ ഇരിക്കെ തകർന്നു വീണ കെട്ടിടങ്ങളുടെ കണക്കാണിത്. ഇവിടെ തകർന്നത് കേവലം കെട്ടിടങ്ങൾ മാത്രമല്ല, കുറെ മനുഷ്യരുടെ സ്വപ്നങ്ങളാണ്, സാമ്പത്തിക അടിത്തറയാണ്. എന്തോ ഭാഗ്യം കൊണ്ട് ആളപായം ഉണ്ടായിട്ടില്ല, എന്നാൽ നാളെ അതുണ്ടാവില്ല എന്ന് പറയാനാകില്ല. നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടുകളോ, പാലുകാച്ചൽ നടന്ന വീടുകളോ തകർന്നു വീഴാം.നിർമാണത്തിൽ ഇരിക്കുന്ന വീട് തകർന്നു വീഴുന്ന പോലെ അല്ല കയറി താമസം കഴിഞ്ഞ വീട്. ആളുകൾക്ക് ജീവഹാനി സംഭവിക്കാനുള്ള സാധ്യത താമസം തുടങ്ങിയ വീടുകളിൽ ഏറെയാണ്. സ്വത്തുക്കളും, രേഖകളും നഷ്ടപ്പെടാം. അതിനാൽ ഈ വിഷയം അതീവ ഗൗരവമുള്ളതാണ്, മലയാളി അവന്റെ പതിവ് ഉദാസീനത വെടിഞ്ഞു ചർച്ച ചെയ്യാനുള്ളതാണ്. വേണ്ടിവന്നാൽ സർക്കാർ ഇടപെടേണ്ട വിഷയമാണ്. കാരണം ഒരു കെട്ടിടത്തിന്റെ തകർച്ച എന്നത് പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയമാണ്. ഇവിടെ പ്രധാനമായും ചോദ്യങ്ങൾ രണ്ടാണ്.എന്തുകൊണ്ടാണ് ഈ മഴക്കാലത്തു മാത്രം ഇത്രയധികം വീടുകൾ തകർന്നു വീഴുന്നത് ..? ഏതു തരം വീടുകളാണ് കൂടുതൽ തകർന്നു വീഴുന്നത് ..?രണ്ടാമത്തെ ചോദ്യത്തിൽ നിന്ന് തുടങ്ങാം. കാരണം ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ഒളിഞ്ഞിരിക്കുന്നത് രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരത്തിലാണ്. ഏതു തരം കെട്ടിടങ്ങളിലാണ് തകർച്ച കൂടുതൽ കാണുന്നത് ..? മഴ, കാറ്റ്, വെയിൽ തുടങ്ങിയ പ്രകൃതി ശക്തികളിൽ നിന്നും വീട് നമ്മെ രക്ഷിക്കണമെങ്കിൽ വീടിന്‌ ഇവയിൽ നിന്നെല്ലാം സ്വയം രക്ഷ നേടാനുള്ള കഴിവ് ഉണ്ടാകണം. അഥവാ വീടിന്റെ ഡിസൈൻ അതിനു ഉതകുന്ന രീതിയിൽ ആയിരിക്കണം. എന്നാൽ സങ്കടകരമെന്ന് പറയട്ടെ കേരളത്തിൽ ഇന്ന് നിർമാണത്തിൽ ഇരിക്കുന്നതോ, നിർമാണം പൂർത്തിയായതോ ആയ നല്ലൊരു ശതമാനം വീടുകൾക്കും ആ കഴിവില്ല. മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷ നേടാനുള്ള ഡിസൈൻ അവയ്ക്കില്ല.അതിനാൽ സംശയരഹിതമായി ഞാൻ പറയും, കേരളത്തിൽ തകർന്നു വീഴുന്നതിൽ തൊണ്ണൂറു ശതമാനവും കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത പെട്ടി വീടുകളാണ്. “അങ്ങനങ്ങു ചുമ്മാ പറഞ്ഞു പോയാൽ മതിയോ സ്വാമീ, അതിനുള്ള കാരണം കൂടി പറഞ്ഞിട്ട് പോ ” എന്ന് ഇത് വായിക്കുന്നവരിലെ പെട്ടിവീട് പ്രേമികൾ പറഞ്ഞേക്കാം.ഉത്തരമുണ്ട്. എൻജിനീയറിങ് റീസൺ. കേരളത്തിൽ നിർമാണത്തിൽ ഇരിക്കുന്നതും, നിർമാണം കഴിഞ്ഞതുമായ 99 ശതമാനം കെട്ടിടങ്ങളും വാൾ ബെയറിങ് ബിൽഡിങ്ങുകൾ അഥവാ ചുവരുകൾ ലോഡ് താങ്ങുന്ന നിർമിതികളാണ്. ചെറിയൊരു ശതമാനം ആളുകൾ കോൺക്രീറ്റ് എലമെന്റുകളുടെ സ്ട്രക്ച്ചറൽ ഡിസൈൻ ശ്രദ്ധിക്കുന്നു എങ്കിലും, ഈ എലെമെന്റുകളെ താങ്ങി നിർത്തുന്ന ഭിത്തികളുടെ ആരോഗ്യം ആരും ഗൗനിക്കുന്നില്ല. ഭിത്തികൾ ദുർബലമാകാൻ പല കാരണങ്ങൾ ഉണ്ട്, ഇവിടെ നാം പരിശോധിക്കുന്നത് പെട്ടി വീടുകളിലെ ചുവരുകളുടെ സവിശേഷ കാര്യമാണ്. ഈ പെട്ടി വീടുകൾ കാലാവസ്ഥക്ക് അനുയോജ്യമായ ഡിസൈൻ ഇല്ലാത്തവയാണ് എന്ന് പറഞ്ഞല്ലോ. ഫലം, ഇവയുടെ ഭിത്തികൾ നനയും. ഇങ്ങനെ നനയുമ്പോൾ പെയിന്റിംഗിൽ മാത്രമല്ല അതിന്റെ അനന്തര ഫലങ്ങൾ ഉണ്ടാകുന്നത്.കെട്ടിടത്തിന്റെ ഭാഗമായ പ്ലാസ്റ്ററിങ്, ഇഷ്ടിക, വെട്ടുകല്ല്, സിമന്റു ബ്ലോക്ക് എന്നിവ എല്ലാം നനയും. ഇവ എല്ലാം തന്നെ വെള്ളം വലിച്ചു കുടിക്കുന്ന വസ്തുക്കളാണ്, എൻജിനീയറിങ് ഭാഷയിൽ പറഞ്ഞാൽ വാട്ടർ അബ്‌സോർപ്‌ഷൻ സവിശേഷത ഉള്ളവയാണ്. എന്തിനധികം, കോൺക്രീറ്റ് പോലും വെള്ളം വലിച്ചു കുടിക്കുന്ന സാധനമാണ്, ഇഷ്ടികയുടെ അത്ര കുടിക്കില്ല എന്ന് മാത്രം.


Cinema ⏭️

Back to top button