NEWS
35 പ്രിയദർശിനി ബസുകൾ ഇനി വർക്ഷോപ് വാനുകൾ; സീറ്റുകൾ ഇളക്കി ഉൾവശത്തു രൂപമാറ്റം വരുത്തും

പത്തനംതിട്ട∙ കെഎസ്ആർടിസിയുടെ 35 പ്രിയദർശിനി ബസുകൾ വർക്ഷോപ് വാനുകളാക്കുന്നു. 20 വർഷം പൂർത്തിയായതിനെ തുടർന്നു സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലെയും വർക്ഷോപ് വാനുകൾ പൊളിക്കാനായി കഴിഞ്ഞ ദിവസം സെൻട്രൽ, റീജനൽ വർക്ഷോപ്പുകളിലേക്കു മാറ്റിയതിനെ തുടർന്നാണിത്.15 വർഷം കഴിഞ്ഞ പൊതുമേഖലാ വാഹനങ്ങൾ പൊളിക്കണമെന്നാണു കേന്ദ്ര സർക്കാരിന്റെ വാഹനങ്ങളുടെ സ്ക്രാപ്പിങ് നയം. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ബസ് ക്ഷാമവും കാരണം കെഎസ്ആർടിസിയുടെ കാലാവധി 20 വർഷമാക്കിയിരുന്നു. കഴിഞ്ഞ ദിവസം 20 വർഷം പൂർത്തിയാക്കിയ വാനുകൾക്കു പകരമായി 16 വർഷം പഴക്കമുള്ളതും ഫിറ്റ്നസ് പരിശോധനയ്ക്ക് 6 മാസത്തിൽ കൂടുതൽ കാലാവധിയുള്ളതുമായ പ്രിയദർശിനി ബസുകളാണു തിരഞ്ഞെടുത്തത്. പത്തനംതിട്ട ഡിപ്പോയുടെ ഒരു പ്രിയദർശിനി ബസും ഇക്കൂട്ടത്തിലുണ്ട്. വാനുകളാക്കാൻ നിശ്ചയിച്ച ബസുകൾ സെൻട്രൽ, റീജനൽ വർക്ഷോപ്പുകളിലേക്ക് അയച്ചു. ഇവയുടെ സീറ്റുകൾ ഇളക്കി, ടയറും സ്പെയർ പാർട്സും ശേഖരിക്കാൻ കഴിയുന്ന രീതിയിൽ ഉൾവശത്തു രൂപമാറ്റം വരുത്തി ഡിപ്പോകൾക്കു കൈമാറും. ദേശീയ–സംസ്ഥാന പാതകളിലും മലയോരങ്ങളിലെ ഇടവഴികളിലും കെഎസ്ആർടിസി ബസുകൾക്കു തകരാറുണ്ടായാൽ ടൂൾകിറ്റും മെക്കാനിക്കുമായി ഇവ ഇനിയും കുതിച്ചെത്തും.
Fashion ⏭️




