NEWS
വിദ്യാർഥിയുടെ മരണം: കോതമംഗലം എംഎ കോളജിൽ പ്രതിഷേധം

കൊച്ചി ∙ കോതമംഗലം മാർ അതനേഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയായ അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പുവിന്റെ (21) മരണത്തിൽ കോളജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ. മിച്ചിയുടെ മരണത്തിൽ കോളജ് അധികൃതര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, തങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ ഗൗരവപൂർവം പരിഗണിക്കുക, വിദ്യാർഥിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. തങ്ങളെ കോളജിനകത്തേക്ക് പ്രവേശിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു.ബി.ടെക് മൂന്നാം വർഷ വിദ്യാർഥിയായ മിച്ചിയെ കഴിഞ്ഞ ദിവസമാണ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. അരുണാചൽ പ്രദേശിൽനിന്ന് കേന്ദ്ര സ്കോളർഷിപ്പോടെ ഉന്നതപഠനത്തിനെത്തിയ മിച്ചി മാർപ്പുവിനെ ക്രെഡിറ്റ് കുറഞ്ഞതിനെത്തുടർന്നുണ്ടായ അക്കാദമിക് ‘ഇയർ ബാക്ക്’ മൂലമുള്ള മാനസിക വിഷമത്തെ തുടർന്നാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
Fashion ⏭️


