NEWS

വികസനതീരമായി വിഴിഞ്ഞം; എക്‌സിം പ്രവർത്തനങ്ങൾ ഫ്ളാഗ് ഒഫ് ചെയ്ത് മുഖ്യമന്ത്രി,​ ചടങ്ങ് പൂർണമായി ബഹിഷ്കരിച്ച് ബിജെപി

വിഴിഞ്ഞം പോർട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിക്കുന്നു, ചിത്രം: സുമേഷ് ചെമ്പഴന്തി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) ചരക്കുനീക്കത്തിന് തുടക്കംകുറിച്ചു. ഇന്ന് രാവിലെ 10.45ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ എക്‌സിം കണ്ടെയ്‌നർ ഫ്ലാഗ് ഒഫ് ചെയ്തു. ട്രാൻസ്ഷിപ്പ്മെന്റിനപ്പുറം നേരിട്ടുള്ള വാണിജ്യ ചരക്കുനീക്കം ആരംഭിക്കുന്നതിലൂടെ ആഗോള സമുദ്ര വ്യാപാരപാതകളിൽ നിർണായകമായ ഒരു പുതിയ അദ്ധ്യായത്തിനാണ് വിഴിഞ്ഞത്ത് തുടക്കമായിരിക്കുന്നത്.

കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചടങ്ങിന് എത്തിയില്ല. തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷും നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറും ഫ്ലാഗ് ഒഫ് ചടങ്ങിൽനിന്ന് വിട്ടുനിന്നു.

ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്‌മെന്റ് മദർ പോർട്ടിൽ നിന്നുള്ള വാണിജ്യ ചരക്ക് നീക്കത്തിനാണ് വിഴിഞ്ഞത്ത് തുടക്കമായത്. ആഗോള സമുദ്ര വ്യാപാരപാതകളെ ഇന്ത്യൻ വിപണിയുമായി ബന്ധിപ്പിക്കുന്ന കവാടമായി കേരളം മാറുന്നതിന്റെ തെളിവുകൂടിയാണ് സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ തുടക്കം. സ്പെയിനിലെ വലൻസിയയിലേക്ക് അയച്ച ആദ്യ കയറ്റുമതി കണ്ടെയ്‌നറിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

കാർഷികോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപ്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാൻ എക്സിം പ്രവർത്തനങ്ങളിലൂടെ അവസരമൊരുങ്ങും. ഇതുവരെ സിംഗപ്പൂർ,കൊളംബോ,ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന കയറ്റുമതിക്കാർ ഇനി വിഴിഞ്ഞത്തേക്കെത്തും. ചെറുകിട-ഇടത്തരം സംരംഭകർക്കും ഇത് ഊ‌ർജം പകരും.

English Summary

Full EXIM cargo operations have begun at Vizhinjam International Seaport, marking a major milestone beyond transshipment activities. Chief Minister V.D. Satheesan flagged off the first EXIM container. The launch is expected to benefit exporters, especially MSMEs in agriculture, spices, cashew, seafood, handloom and textiles, by providing direct access to global markets through Vizhinjam.
RELATED TOPICS: VIZHINJAM PORT, EXIM OPERATIONS, KERALA DEVELOPMENT, CHIEF MINISTER, BJP BOYCOTT

Read News ⏭️

Back to top button