SPORTS

ആറാം വിക്കറ്റിൽ ‘എട്ടിന്റെ പണി’, രണ്ടാം സെഷനിൽ വിക്കറ്റ് വീഴ്ത്താനാകാതെ ഇന്ത്യ; നിലയുറപ്പിച്ച് ദിനുഷയും ഡിക്ക്‌വെല്ലയും


‌ഗോൾ ∙ 90 റൺസിനുള്ളിൽ ആദ്യ അഞ്ച് വിക്കറ്റും വീണപ്പോൾ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ ലീഡാണ് ഇന്ത്യ പ്രതീക്ഷിച്ചത്. എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച സോണാൽ ദിനുഷയും നിരോഷൻ ഡിക്ക്‌വെല്ലയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. രണ്ടാം സെഷൻ മുഴുവൻ പിടിച്ചനിന്ന ഇരുവരും ഇതുവരെ 124 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം ദിനം ചായയ്‌ക്കു പിരിയുമ്പോൾ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 214 റൺസെന്ന നിലയിലാണ് ശ്രീലങ്ക. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറിനേക്കാൾ 248 റൺസിനു പിന്നിലാണ് ഇപ്പോൾ ലങ്ക. അർധസെഞ്ചറിയുമായി സോണാൽ ദിനുഷയെയും (115 പന്തിൽ 62*), രോഷൻ ഡിക്ക്‌വെല്ലയും (102 പന്തിൽ 72*) ക്രീസിൽ നിലയുറപ്പിച്ചിരിക്കുകയാണ്. രണ്ടാം സെഷനിൽ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ഇന്ത്യൻ ബോളർമാർക്കായില്ല.ലഹിരു ഉദാര (44 പന്തിൽ 27), ദിനേശ് ചണ്ഡിമൽ (16 പന്തിൽ 4) എന്നിവരെ മാനവ് സുതാറും കമിന്ദു മെൻഡിസിനെ (25 പന്തിൽ 14) കുൽദീപ് യാദവും ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയെ (41 പന്തിൽ 21) രവീന്ദ്ര ജഡേജയും വീഴ്ത്തി. ഇതോടെ 26.1 ഓവറിൽ 5ന് 90 എന്ന നിലയിൽ ലങ്ക തകർന്നു. ഇതോടെ വമ്പൻ ലീഡും ഇന്ത്യ സ്വപ്നം കണ്ടു. രണ്ടാം സെഷനിൽ ഇരുവരും ചേർന്ന ലങ്കയെ കരകയറ്റി. നിരോഷൻ ഡിക്ക്‌വെല്ല ടെസ്റ്റ് കരിയറിലെ 23–ാം അർധസെഞ്ചറി നേടിയപ്പോൾ യുവതാരം സോണാൽ ദിനുഷ കരിയറിലെ രണ്ടാം അർധസെഞ്ചറിയാണ് നേടിയത്. ഇന്ത്യയ്ക്കെതിരെ 100 റൺസിന് മുൻപ് 5 വിക്കറ്റ് വീണശേഷം ആറാം വിക്കറ്റിൽ ലങ്ക സെഞ്ചറി പാർട്ണർഷിപ് നേടുന്നത് ഇതു രണ്ടാം തവണയാണ്.∙ രണ്ടാം ദിനം മഴക്കളി കേശര നുവന്തയുടെ പന്തിൽ നിഷാൻ ഫെർണാണ്ടോയുടെ ക്യാച്ചിലൂടെ രാഹുൽ മടങ്ങി. പിന്നാലെയെത്തിയ ധ്രുവ് ജുറേലിനെ കൂട്ടുപിടിച്ച് ദേവ്ദത്ത് പടിക്കലാണ് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുനീക്കിയത്. 92–ാം ഓവറിൽ ടീം സ്കോർ 357ൽ നിൽക്കെ, പ്രഭാത് ജയസൂര്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വെല്ലയുടെ സ്റ്റംപിങ്ങിലൂടെ ദേവ്ദത്തും (167) വീണു. 15 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു കന്നി രാജ്യാന്തര സെഞ്ചറി കുറിച്ച പടിക്കലിന്റെ ഇന്നിങ്സ്. പിന്നാലെ രവീന്ദ്ര ജഡേജ(13), ധ്രുവ് ജുറേൽ എന്നിവർ മടങ്ങി. വാലറ്റത്ത് മാനവ് സുതാറും (24) മുഹമ്മദ് സിറാജും (11) ചേർന്നൊരുക്കിയ പ്രതിരോധമാണ് സ്കോർ 450 കടക്കാൻ ഇന്ത്യയെ സഹായിച്ചത്. രണ്ടാം ദിനം 6 വിക്കറ്റും വീഴ്ത്തിയത് ലങ്കൻ സ്പിന്നർമാരാണ്.


Auto ⏭️

Back to top button