LIFESTYLE

മലയാളിക്ക് സ്വന്തം നാട്ടിൽ വളർത്തിയ പൂകൊണ്ട് ഓണപ്പൂക്കളം ഒരുക്കാം, തരിശുകിടന്നനിലങ്ങളിൽ നൂറുമേനി വിളവ്


കുറ്റൂരിൽ പൂകൃഷി വിളവെടുപ്പ് നടത്തുന്നു

തിരുവല്ല : ഓണം എത്തിയതോടെ കുറ്റൂരിലെ തരിശുനിലങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലി വിളവെടുപ്പിന്റെ തിരക്കാണ്. ഓണവിപണിയെ ലക്ഷ്യമാക്കി കുറ്റൂർ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർ നടത്തിയ പുഷ്പകൃഷിയാണ് നാടിന് സുന്ദരകാഴ്ച പകരുന്നത്.

പഞ്ചായത്തിലെ 3,7,10 വാർഡുകളിൽ തരിശായി കിടന്നിരുന്ന സ്ഥലങ്ങളിലാണ് ചെണ്ടുമല്ലി കൃഷിയിറക്കിയത്. ഓറഞ്ചും മഞ്ഞയും നിറങ്ങളിൽ പൂത്തുലഞ്ഞ പൂക്കൾ ഓണവിപണിയിലേക്ക് എത്താൻ ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി പന്തളത്തെ കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിലെ ഫാമിൽ നിന്നുള്ള ആഫ്രിക്കൻ മാരിഗോൾഡ് ഇനത്തിൽപ്പെട്ട തൈകളാണ് കൃഷിക്കായി ഉപയോഗിച്ചത്.

മേയ് അവസാനത്തോടെ കുറ്റൂർ കൃഷിഭവൻ മുഖേന സബ്സിഡി നിരക്കിൽ കർഷകർക്ക് തൈകൾ വിതരണം ചെയ്തു. തൈകളുടെ ഓരോ വളർച്ചാഘട്ടത്തിലും ആവശ്യമായ പരിചരണരീതികളും വളപ്രയോഗവും സംബന്ധിച്ച നിർദേശങ്ങളുമായി കൃഷിഭവൻ ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലെത്തി. ആത്മ പദ്ധതിയുടെ ഭാഗമായി കാർഷിക ഉപകരണങ്ങളും വളവും ലഭ്യമാക്കിയതോടെ കർഷകർക്ക് കൃഷി കൂടുതൽ സുഗമമായി. നാട്ടിൽതന്നെ വളർത്തിയ പൂക്കൾ ഓണാഘോഷങ്ങളുടെ ഭാഗമാകുമ്പോൾ കർഷകരുടെ പ്രതീക്ഷകൾക്കും നിറം പകരുകയാണ്.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോൻ 7ാം വാർഡിലെ പുഷ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.ഗോപകുമാർ, പുളിക്കീഴ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.ബി.ബാബു, കൃഷി ഓഫീസർ താര മോഹൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിന്ദു എ, വാർഡ് മെമ്പർ ജോൺ പി.ജോൺ, സി.ഡി.എസ്. ചെയർപേഴ്സൺ സ്മിത രാജഗോപാൽ, പള്ളി വികാരി ഫാ.ലിബിൻ എബ്രഹാം എന്നിവർ പങ്കെടുത്തു.

മൂന്ന് വാർഡുകളിൽ പൂക്കാലം

കുറ്റൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലാണ് ഇത്തവണ പ്രധാനമായും പുഷ്പകൃഷി നടന്നത്. 3ാം വാർഡിൽ കല്ലൻപറമ്പിൽ ബിനുകുമാർ ചെണ്ടുമല്ലി കൃഷിയിറക്കി. 7ാം വാർഡിൽ ഒരുമ കൃഷിക്കൂട്ടമാണ് പുഷ്പകൃഷിക്ക് നേതൃത്വം നൽകിയത്. 10ാം വാർഡിൽ വഞ്ചിക്കാപ്പുഴയിൽ സന്തോഷ് വി.ആറും കൃഷിയിൽ പങ്കാളിയായി. കൃഷിയില്ലാതെ കിടന്നിരുന്ന തരിശുനിലങ്ങളെ വീണ്ടും കൃഷിയോഗ്യമാക്കുന്നതിനൊപ്പം കർഷകർക്ക് അധികവരുമാനവും സാദ്ധ്യമാക്കുന്ന മാതൃക പദ്ധതിയിലൂടെ ഓണവിപണിയിൽ പൂക്കൾക്ക് മികച്ചവില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.


News ⏭️

Back to top button