BUSINESS

വിലക്കിൽ കുരുങ്ങി രത്തൻ ടാറ്റ ട്രസ്റ്റ്; പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും, നിർണായക യോഗം ചൊവ്വാഴ്ച


ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച എൻ. ചന്ദ്രശേഖരന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾ വൈകാൻ സാധ്യത. പുതിയ ചെയർമാനെ തീരുമാനിക്കുന്നതിൽ പ്രധാനികളായ 2 ട്രസ്റ്റുകളിൽപ്പെട്ട സർ രത്തൻ ടാറ്റ ട്രസ്റ്റിന് (എസ്ആർടിടി) യോഗം ചേരുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും വിലക്കുണ്ട്. ചട്ടം ലംഘിച്ച് പ്രവർത്തിച്ചെന്ന പരാതിയിൽ മഹാരാഷ്ട്ര ചാരിറ്റി കമ്മിഷണറാണു വിലക്കേർപ്പെടുത്തിയത്. നിയന്ത്രണം നീക്കാൻ ടാറ്റ സൺസിന്റെ 66 % ഓഹരി കൈവശമുള്ള ടാറ്റ ട്രസ്റ്റ്സ് അധികൃതരെ ഉടൻ സമീപിച്ചേക്കും. അപേക്ഷ തള്ളിയാൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണു നീക്കം. നിയമക്കുരുക്കിലേക്കു നീങ്ങിയാൽ പുതിയ ചെയർമാന്റെ നിയമനവും വൈകും. ചെയർമാനെ തിരഞ്ഞെടുക്കാനുള്ള അഞ്ചംഗ വിദഗ്ധ സമിതിയുടെ രൂപീകരണമാണ് ആദ്യപടി. തുടർന്ന് രണ്ടു മാസത്തിനകം പ്രഖ്യാപനമുണ്ടായേക്കും. ടാറ്റ സ്റ്റീൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ മലയാളി ടി.വി. നരേന്ദ്രന്റെ പേരിനാണു നിലവിൽ മുൻതൂക്കം. ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗം ചൊവ്വാഴ്ച നടക്കാനിരിക്കെ പ്രതിനിധികളെ അയയ്ക്കാൻ സർ രത്തൻ ടാറ്റ ട്രസ്റ്റിനു കഴിയില്ല. കോറം തികയാതെ പൊതുയോഗം മാറ്റിവയ്ക്കേണ്ട സാഹചര്യവുമുണ്ടാകാം.


Travel ⏭️

Back to top button