ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ഒരു സ്പെഷ്യൽ പായസം: തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ

ഇളനീർ പായസം
ഓണക്കാലത്തെ ആഘോഷങ്ങളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് പായസം. അടപ്രഥമൻ, പാലട, കടല എന്നിങ്ങനെ പരമ്പരാഗത പായസങ്ങളാണ് ഓരോ മലയാളിയുടെ വീട്ടിലും സദ്യയ്ക്കൊപ്പം വിളമ്പുക. എന്നാൽ ഇത്തവണ രുചിയ്ക്കൊപ്പം ശരീരത്തിന് ഉന്മേഷവും നൽകുന്ന ഒരു ഇളനീർ പായസം പരീക്ഷിച്ചാലോ?
തൊടിയിലും പറമ്പിലുമെല്ലാം സുലഭമായി ലഭിക്കുന്ന കരിക്ക് കൊണ്ട് മിനിറ്റുകൾക്കുള്ളിൽ വളരെ എളുപ്പത്തിൽ ഈ പായസം തയ്യാറാക്കാം. കരിക്കിന്റെ തനതായ രുചി നിലനിർത്തിക്കൊണ്ട് എങ്ങനെയാണ് ഇളനീർ പായസം തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
കരിക്ക്- രണ്ടുകപ്പ്
തേങ്ങാപ്പാൽ- ഒരുകപ്പ്
കണ്ടെൻസ്ഡ് മിൽക്ക്- മൂന്ന് ടേബിൾസ്പൂൺ
പഞ്ചസാര- ആവശ്യത്തിന്
പാൽ- രണ്ടുകപ്പ്
തേങ്ങ വെള്ളം- അര കപ്പ്
ഏലയ്ക്ക
കശുവണ്ടി
ഉണക്കമുന്തിരി
നെയ്യ്
തയ്യാറാക്കുന്നവിധം
ആദ്യമായി അടിക്കട്ടിയുള്ള ഒരു പാത്രം അടുപ്പിൽവച്ച് രണ്ടുകപ്പ് പശുവിൻ പാൽ ചേർത്ത് നന്നായി തിളപ്പിച്ച് ഒന്നര കപ്പാക്കി കുറുക്കിയെടുക്കണം. ഇതിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ കണ്ടെൻസ്ഡ് മിൽക്കും മധുരത്തിന് ആനുസരിച്ച് പഞ്ചസാരയും ചേർത്ത് ചെറിയ തീയിൽ നന്നായി ഇളക്കണം.
ഇതിലേയ്ക്ക് ഇളനീരിലെ മാംസവും തേങ്ങ വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചത് ചേർത്തുകൊടുക്കാം. ശേഷം ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്ത് ഒരു അഞ്ച് മിനിറ്റ് വരെ തിളപ്പിക്കണം. തിളച്ച് കുറുകി വരുമ്പോൾ രണ്ടോ മൂന്നോ ഏലയ്ക്ക കൂടിചേർത്ത് അടുപ്പിൽ നിന്നിറക്കാം.
ഇനി ഒരു പാൻ അടുപ്പിൽവച്ച് അത് ചൂടാകുമ്പോൾ അതിലേയ്ക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കണം. ചൂടായ നെയ്യിലേയ്ക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് വറുത്ത് നേരത്തെ തയ്യാറാക്കി മാറ്റിവച്ചിരിക്കുന്ന പായസത്തിലേയ്ക്ക് ചേർക്കണം. സ്വാദിഷ്ടമായ ഇളനീർ പായസം തയ്യാർ. ഇനി ഇഷ്ടാനുസരണം വിളമ്പി കഴിക്കാം.
English Summary
For Onam celebrations, a refreshing tender coconut payasam is suggested as an alternative to traditional varieties like ada pradhaman. Easily prepared with readily available tender coconuts, this payasam offers both great taste and an energizing boost, making it a perfect addition to the festive sadya meal.
RELATED TOPICS: TENDER COCONUT PAYASAM, ONAM SPECIAL RECIPE, FOOD, COOKING RECIPE
News ⏭️


