NEWS

‘നിങ്ങൾ ബോസിന്റെ രാജി ആവശ്യപ്പെടൂ, എല്ലാം അദ്ദേഹത്തിന്റെ നിർദേശപ്രകാരം’: സിജെപിയ്ക്ക് കേജ്‍രിവാളിന്റെ ഉപദേശം


ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 2ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സിജെപിയ്ക്ക് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളിന്റെ ഉപദേശം. ഒരു വാർത്താ ചാനൽ സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കവെ, ഓരോ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും രാജി ആവശ്യപ്പെടുന്നതിനു പകരം നേരിട്ട് ഭരണത്തലവനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടാനാണ് കേജ്‍രിവാൾ സിജെപിയോട് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളിൽ ഉയർന്നുവന്ന ആഭ്യന്തര ഭിന്നതകളെക്കുറിച്ചും വോട്ടർപട്ടിക പരിഷ്‌കരണത്തിലെ അപാകതകളെക്കുറിച്ചുമുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരെ സിജെപി രംഗത്തെത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയ്യുന്നതെല്ലാം ബോസിന്റെ (പ്രധാനമന്ത്രിയുടെ) നിർദേശപ്രകാരമാണെന്ന് അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. ‘‘ആദ്യം നിങ്ങൾ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു. ഇപ്പോൾ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നു. ഞാൻ പറയുന്നു, നിങ്ങൾ നേരിട്ട് ബോസിന്റെ രാജി ആവശ്യപ്പെടൂ. കാരണം എല്ലാം അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് നടക്കുന്നത്. ഇനി നരേന്ദ്ര മോദിയുടെ രാജിക്കായുള്ള പ്രസ്ഥാനമാണ് ഉണ്ടാകേണ്ടത്’’ –  അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.


Fashion ⏭️

Back to top button