NEWS
മെസ്സി വിവാദം: സർക്കാരില്ലാത്ത കരാറിൽ സർക്കാർ വിവരങ്ങൾ !; കൂടുതൽ ചട്ടലംഘനങ്ങൾ പുറത്ത്

തിരുവനന്തപുരം ∙ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ, ഉത്തരവില്ലാതെ സർക്കാരിന്റെ പേരിൽ കരാർ ഒപ്പിടാൻ സ്പോൺസർക്ക് അനുമതി നൽകിയതാര്? ഔദ്യോഗിക അനുമതിക്കു മുൻപേ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഒപ്പിട്ട കരാറിൽ എങ്ങനെ സർക്കാരിന്റെ വിവരങ്ങൾ ഉപയോഗിച്ചുകരാറിന്റെ കൂടുതൽ വിവരങ്ങൾക്ക് ഒപ്പം പുറത്തുവരുന്നത് ചട്ടലംഘനങ്ങളുടെ നീണ്ടനിര. പണം അയയ്ക്കുന്നതിൽ കാലതാമസം വരുത്തിയതോടെ, സ്പോൺസറുമായുള്ള കരാർ 2 തവണ എഎഫ്എ റദ്ദാക്കിയെന്നും രേഖകളിൽ ഉണ്ട്. 2024 ഡിസംബർ 20ന് എഎഫ്എയുമായി കരാറിലെത്തിയ സ്പോൺസർ, ഇതിനായുള്ള സർക്കാർ അനുമതി നേടിയെടുത്തത് 18 ദിവസത്തിനുശേഷമാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നുമില്ല. അർജന്റീന വിഷയത്തിൽ സ്പോൺസറും സംസ്ഥാന സർക്കാരും തമ്മിൽ ഇതുവരെ കരാറോ ധാരണാപത്രമോ ഒപ്പുവച്ചിട്ടില്ലെന്നാണു കായികവകുപ്പിന്റെ കണ്ടെത്തൽ.സ്പോൺസർക്ക് പിഴ; നയതന്ത്ര ഇടപെടലുമായി കായികവകുപ്പ് അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാനുള്ള കരാറിൽ സ്പോൺസറെ പിഴയിൽനിന്ന് രക്ഷിക്കാൻ കായിക വകുപ്പ് നടത്തിയ നയതന്ത്ര ഇടപെടലിന്റെ തെളിവുകളും പുറത്ത്. കരാർ പ്രകാരമുള്ള പണം അടയ്ക്കാൻ വൈകിയതിന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് എഎഫ്എ 40 ലക്ഷം യുഎസ് ഡോളർ പിഴ ചുമത്തിയിരുന്നു. ഇത് ഒഴിവാക്കി നൽകാൻ ഇടപെടണമെന്നാവശ്യപ്പെട്ട് അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് കഴിഞ്ഞവർഷം ജൂലൈയിൽ കായികവകുപ്പ് അയച്ച കത്താണ് പുറത്തായത്. മുൻ കായികമന്ത്രി വി.അബ്ദുറഹിമാന്റെ നിർദേശപ്രകാരം അന്നത്തെ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണു കത്തെഴുതിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തിൽ അർജന്റീന ടീമിന്റെ സന്ദർശനം സംസ്ഥാന സർക്കാർ ഉൾപ്പെട്ടിട്ടുള്ള കരാർ ആണെന്നും പരാമർശിച്ചിട്ടുണ്ട്. സർക്കാർ ആരുമായും കരാർ ഒപ്പുവച്ചിട്ടില്ലെന്ന മുൻ മന്ത്രിയുടെ വാദം തള്ളുന്നതാണ് ഈ കത്തിടപാട്.
Fashion ⏭️


