NEWS
പുല്ലിൽനിന്നു വെള്ളത്തിലിറങ്ങി സനീഷിന്റെ ‘കുട്ടി’കൾ; അലങ്കാരമല്ല, ജീവൻരക്ഷാ മാർഗം!

രണ്ടാഴ്ച മുൻപു വരെ സനീഷിന്റെ വർക്ഷോപ്പിൽ നിർമിച്ചിരുന്ന വള്ളങ്ങളിൽ മിക്കവയും വെള്ളം കാണില്ലായിരുന്നു. വലിയ വീടുകളുടെ മുറ്റത്തെ പുൽത്തകിടികളിൽ പ്രദർശന വസ്തുവാകാനായിരുന്നു അവയുടെ യോഗം. എന്നാൽ രണ്ടാഴ്ച മുൻപ് അപ്രതീക്ഷിതമായി മധ്യകേരളത്തിൽ പെയ്തിറങ്ങിയ മഴയും വെള്ളപ്പൊക്കവും സ്ഥിതി മാറ്റി. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ, ജീവൻരക്ഷാമാർഗമെന്ന നിലയിൽ പലരും വീട്ടിലൊരു ചെറുവള്ളം കൂടി കരുതാൻ തുടങ്ങിയതോടെ സനീഷിന്റെ വള്ളക്കച്ചവടവും കൂടി. പതിനായിരം രൂപ മുതൽ വിലയാരംഭിക്കുന്ന കുഞ്ഞുവള്ളങ്ങളുടെ നിർമാണത്തെപ്പറ്റിയും നിലവിലെ ബിസിനസിനെപ്പറ്റിയും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ആലപ്പുഴ ജില്ലയിലെ നെടുമുടി സ്വദേശി സനീഷ് സജീവ്.∙ പ്രവാസത്തിൽനിന്നു മടക്കം, ജീവിതം മുങ്ങാതിരിക്കാൻ വള്ളം നിർമാണം ഐടിഐ മെക്കാനിക് പഠനം കഴിഞ്ഞ് ജോലി തേടി പ്രവാസിയായ സനീഷ് കോവിഡ് കാലത്താണ് തിരികെ നാട്ടിലെത്തിയത്. ഫൈബർ വാതിലുകൾ നിർമിക്കുന്ന ഒരു കമ്പനിയിലാണ് ആദ്യം ജോലിക്കു ചേർന്നത്. പിന്നീട്, കോട്ടയത്തും നെടുമുടിയിലുമുള്ള വള്ള നിർമാണ കമ്പനികളിൽ ജോലി ചെയ്തു. അതിനു ശേഷമാണ് ആറു മാസം മുൻപ് നെടുമുടിയിൽ ‘ക്രിയ ബോട്ട് മാനുഫാക്ചറിങ്’ എന്ന കമ്പനി ആരംഭിക്കുന്നത്. ഒരാൾക്കു മുതൽ മൂന്നു പേർക്കു വരെ സഞ്ചരിക്കാവുന്ന ഫൈബർ വള്ളങ്ങളാണ് ഇവിടെ നിർമിക്കുന്നത്. എന്നാൽ കൂടുതൽ ഓർഡറുകളും ലഭിച്ചിരുന്നത് പുൽത്തകിടിയിൽ വയ്ക്കുന്ന അലങ്കാര വള്ളങ്ങൾക്കായിരുന്നു. 20 അടിവരെ നീളമുള്ള വള്ളങ്ങളാണ് ഇവ.∙ വീടായാൽ ഒരു വള്ളം വേണം മുൻപ് കോട്ടയത്തും ആലപ്പുഴയിലും ജലാശയങ്ങളുടെ തീരത്തെ എല്ലാ വീടുകളിലും ചെറുവള്ളം ഉണ്ടായിരുന്നു. എന്നാൽ തടി കൊണ്ടു നിർമിച്ച അവയിൽ പലതും അറ്റകുറ്റപ്പണി നടത്താത്തതിനാലും കാലപ്പഴക്കത്തിനാലും കേടു വന്നു. ഇപ്പോൾ വെള്ളപ്പൊക്കം രൂക്ഷമായതോടെ മിക്കവരും വീണ്ടും വള്ളങ്ങൾ വാങ്ങാൻ ആരംഭിച്ചു. ഫൈബർ വള്ളങ്ങൾക്കു കേടുപാട് ഉണ്ടാവാൻ സാധ്യത കുറവാണ്. മഴയില്ലാത്തപ്പോൾ സൂക്ഷിക്കാനും എടുത്തുമാറ്റാനുമൊക്കെ എളുപ്പമാണ്.
Fashion ⏭️


