‘ഫിഷറീസ് മന്ത്രിക്ക് ഫിഷറീസുമായി എന്തെങ്കിലും ബന്ധമുണ്ടോ?’; കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ

ഫിഷറിസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ
തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി പതിനൊന്നാം ദിവസവും തെരച്ചിൽ തുടരുന്നതിനിടെ, ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറിനെതിരെ വിമർശനവുമായി കാണാതായ ജോണിന്റെ മകൾ ജിജി രംഗത്ത്. ഫിഷറീസ് മന്ത്രിക്ക് ഫിഷറീസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ജിജി ചോദിച്ചു. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ചും ജിജി പ്രതികരിച്ചു.
‘ഫിഷറീസ് വകുപ്പ് മന്ത്രിക്ക് ഫിഷറീസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഞാനിപ്പോൾ ചോദിക്കുന്നത്. അദ്ദേഹത്തിന് ഇതിനെപ്പറ്റിയുള്ള നോളജ് ഇല്ല എന്നേ എനിക്ക് പറയാൻ പറ്റൂ. മീഡിയ ഈ വിഷയത്തിൽ കാണിക്കുന്ന ആത്മാർത്ഥത പോലും വകുപ്പിലിരിക്കുന്നവർ കാണിക്കുന്നില്ല. എനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ഞാൻ കാണുന്നില്ല. ആളുകൾ പറഞ്ഞറിയുന്നുണ്ട്. ഇത്രയും വിവരമില്ലാത്തവർ കേരളത്തിലുണ്ടോ എന്ന് ആലോചിച്ച് പോവുകയാണ്.
നിങ്ങൾക്ക് വരുമ്പോഴും ഇങ്ങനെ സംസാരിക്കണം. പത്ത് വർഷം മുമ്പ് നടന്നിരുന്നെങ്കിലും ഞാൻ ഇങ്ങനെ തന്നെ പ്രതികരിക്കുമായിരുന്നു. ഇത് ഇപ്പോഴാണ് നടക്കുന്നത്. ബോധവും, വിവരവും ഇല്ലാത്ത നിങ്ങളുടെ കൈയിൽ നെറ്റുണ്ടെന്നത് കൊണ്ട് എന്തും എഴുതിപ്പിടിപ്പിക്കാമെന്നത് വിവരമില്ലായ്മയാണ്. ഞാൻ ഒരു പാർട്ടിയുടെയും ആളല്ല. ഇന്ന് 10ാം ദിവസം, ഞങ്ങൾ ശബ്ദമുയർത്തിയതുകൊണ്ട് മാത്രം നടക്കുന്ന ഊർജിതമായ തെരച്ചിൽ എന്തുകൊണ്ട് ആദ്യത്തെ ദിവസം ഉണ്ടായില്ല എന്നതാണ് ഞാൻ ചോദിക്കുന്നത്’- ജിജി പറഞ്ഞു.
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാനായിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായില്ല. ഇതോടെ ഷിജിനെ കണ്ടെത്താനായി നാവികസേനയുടെ കപ്പലായ കൽപേനി വൈകിട്ടോടെ മുതലപ്പൊഴിയിലെത്തി. അഴിമുഖത്തിന് അഭിമുഖമായി കടലിൽ നങ്കൂരമിട്ടു. നേവിയുടെ സ്‌കൂബാ ടീം ഇന്ന് രാവിലെ മുതൽ തെരച്ചിൽ നടത്തും. പുലിമുട്ടിന്റെ നീളം വർദ്ധിപ്പിച്ച ഭാഗത്തും അഴിമുഖത്തെ കർവിന്റെ ഭാഗത്തുമാണ് പ്രധാനമായും ഇന്ന് സ്‌കൂബാ ടീം തെരച്ചിൽ നടത്തുന്നത്.
ഇന്നലെ രാവിലെ മുതൽ വിഴിഞ്ഞത്തുനിന്നുമെത്തിയ പ്രൊഫഷണൽ സ്‌കൂബാ ടീമിന്റെ തെരച്ചിൽ നടന്നിരുന്നു. പുലിമുട്ടിലെ വിടവുകൾക്കിടയിലും അഴിമുഖത്ത് വീണുകിടക്കുന്ന ടെട്രാപോഡുകൾ, വലകൾ എന്നിവകൾക്കിടയിലും സ്‌കൂബാ ടീം പരിശോധന നടത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കടൽ ശാന്തമായതിനാൽ സ്‌കൂബാ ടീമിന് കൂടുതൽ സമയം പരിശോധന നടത്താൻ സാധിച്ചു.
RELATED TOPICS: FISHERMAN JOHN MISSING, FISHERIES MINISTER, MISSING FISHERMEN KERALA, JOHN DAUGHTER STATEMENT, FISHERMAN JOHN MALAYALAM NEWS
Read News ⏭️

