‘കൊല്ലാനും ചാകാനും മനസുറപ്പുള്ളവരുടെ സംഘം…അവരോടാണ് യുദ്ധം’; ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്ത്

‘ലോ ആൻഡ് ഓർഡർന്റെ’ ടീസറിലെ രംഗം
‘തുടരും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വർമയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർന്റെ’ ടീസർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ചിത്രത്തിന്റെ സ്വഭാവമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. ടീസറിലെ പ്രധാന ആകർഷണം മമ്മൂട്ടിയുടെ സാന്നിദ്ധ്യമാണ്. 2004ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്ളാക്ക് എന്ന ചിത്രത്തിലെ ജനപ്രിയ കഥാപാത്രമായ കാരിക്കാമുറി ഷൺമുഖനായാണ് മമ്മൂട്ടി വീണ്ടും എത്തുന്നത്. ടീസറിന്റെ അവസാന രംഗത്ത് സസ്പെൻസിലൂടെ മമ്മൂട്ടിയുടെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
പ്രകാശ് വർമയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ തുടരും സിനിമയിലെ ജോർജ് സാർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവാണ് ‘ലോ ആൻഡ് ഓർഡറിലേത്’. ഇടവേളയ്ക്ക് ശേഷം അഭിരാമിയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ‘കൊല്ലാനും ചാകാനും മനസുറപ്പുള്ളവരുടെ സംഘം… അവരോടാണ് യുദ്ധം’ എന്ന സംഭാഷണത്തോടെയാണ് ടീസറിന്റെ തുടക്കം. മാസ് എന്റർടെയ്‌നർ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സത്യം സിനിമാസും മഹാ സുബൈർ മൂവി ക്ഷേത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജോ ഡാനിയൽ സംഗീതവും ബിജിബാൽ പശ്ചാത്തലസംഗീതവും ഒരുക്കുന്ന ചിത്രം സെപ്തംബർ നാലിനാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘കാരിക്കാമുറി ഷൺമുഖൻ’ കഥാപാത്രത്തിന്റെ തിരിച്ചുവരവും പ്രകാശ് വർമ്മയുടെ നായകവേഷവും ഒരുമിക്കുന്നതോടെ ‘ലോ ആൻഡ് ഓർഡർ’ മലയാള സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറുകയാണ്.
English Summary
The teaser for Ranjith’s upcoming film ‘Law and Order’ has been released, featuring Mammootty reprising his iconic ‘Karikkamuri Shanmughan’ role from the 2004 film ‘Black’. Prakash Varma stars as the lead in this action-packed mass entertainer, which also features Abhirami. The film is set for a September 4 release.
Business ⏭️


