HEALTH
‘കല്യാണി’ക്ക് പ്രഭുദേവയുടെ ചുവടുകൾ; എന്താണ് ഈ ഊർജ്ജത്തിന് പിന്നിലെന്ന് ആരാധകർ

53 വയസ്സായി നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവയ്ക്ക്. 32 വർഷത്തെ സിനിമാജീവിതത്തിനിടയിൽ കൊറിയോഗ്രാഫിക്ക് രണ്ടുതവണ ദേശീയപുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. 2019-ൽ പത്മശ്രീ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യയുടെ മൈക്കിൾ ജാക്‌സൺ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ നൃത്തച്ചുവടുകൾക്ക് ഒരു വലിയ ആരാധകനിര തന്നെയുണ്ട്.പ്രഭുദേവയുടെ പുതിയൊരു വീഡിയോയാണിപ്പോൾ വൈറലാവുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ‘കല്യാണി’ എന്ന പാട്ടിന് അദ്ദേഹം ചുവടുവെക്കുന്ന വീഡിയോ ആണത്. ഒപ്പം നർത്തകനായ അലക്‌സാണ്ടർ നോയലുമുണ്ട്. ഇതിനകം 16 മില്യൺ ആളുകളാണ് ആ വീഡിയോ കണ്ടുകഴിഞ്ഞത്. പിന്നാലെ കമന്റുകളും നിറഞ്ഞു വീഡിയോയ്ക്കുതാഴെ.’അയാൾ വെറുതെ നൃത്തം ചെയ്യുകയല്ല, മറിച്ച് ആ കൊറിയോഗ്രാഫി താൻ തന്നെ സൃഷ്ടിച്ചതുപോലെ അനായാസമായി ഒഴുകിനീങ്ങുകയാണ്; അദ്ദേഹം ഒരു ഇതിഹാസതുല്യനായ പ്രതിഭയാണ്, എന്നാണ് സോഷ്യൽമീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതനായ കിലി പോൾ കുറിച്ചത്. ‘അത് നൃത്തമല്ല, അതൊരു ഒഴുക്കാണ്’ എന്ന് യൂട്യൂബ് ഇന്ത്യയും കമന്റുമായെത്തി. ഈ പ്രായത്തിലെ അദ്ദേഹത്തിന്റെ മെയ് വഴക്കം ആരാധകരെ വല്ലാതെ ആകർഷിച്ചിരിക്കുകയാണ്. അതാണ് അവരെ അദ്ഭുതപ്പെടുത്തുന്നതും. 53 വയസ്സായെന്ന് അദ്ദേഹത്തെ കണ്ടാൽ തോന്നുകയേയില്ല എന്നാണ് ആരാധകപക്ഷം. അത്രയും ഊർജ്ജസ്വലതയോടെയാണ് നൃത്തം ചെയ്യുന്നത്. അതിനിടെ പ്രഭുദേവയുടെ ഭക്ഷണശീലങ്ങളും കൗതുകമാവുകയാണ്.കർശനവും ലളിതവുമായ ഭക്ഷണക്രമവും നിരന്തരമായ ശാരീരിക പ്രവർത്തനങ്ങളുമാണ് ഊർജ്ജസ്വലതയും മെലിഞ്ഞ ശരീരപ്രകൃതിയും അദ്ദേഹത്തെ നിലനിർത്താൻ സഹായിക്കുന്നത്. ഓട്സും ജ്യൂസും കഴിച്ചാണ് അദ്ദേഹം ദിവസം ആരംഭിക്കുന്നത്. ആദ്യം ഓട്‌സ്, പിന്നാലെ ജ്യൂസ് എന്ന രീതിയിലാണത്. ഉച്ചഭക്ഷണത്തിൽ ചോറ് പൂർണമായും ഒഴിവാക്കുന്നു. പകരം മില്ലറ്റാണ് കഴിക്കുന്നത്.രാത്രി 7 മണിയോടെ രണ്ട് ഇഡ്ഡലി മാത്രം കഴിച്ച് ആ ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കുകയും ചെയ്യുന്നു. അതിനുശേഷവും വിശക്കുകയാണെങ്കിൽ ഏതെങ്കിലും പഴങ്ങൾ കഴിക്കും. എണ്ണ പൂർണമായും ഒഴിവാക്കിയുള്ള ഭക്ഷണരീതിയാണ് അദ്ദേഹത്തിന്റേത്. ഹോട്ടലുകളിലെ ഭക്ഷണത്തോടും അദ്ദേഹം നോ പറയും. പൂർണമായും സസ്യാഹാരിയാണ് പ്രഭുദേവ. ജീവിതത്തിൽ ആകെ 30-40 തവണ മാത്രമേ താൻ ജിമ്മിൽ പോയിട്ടുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ തളരുന്നത് വരെ നൃത്തം ചെയ്യും.
Cinema ⏭️


