ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും ആശ്വാസം; യുപിഐ സേവനങ്ങൾക്ക് ഫീസ് ഈടാക്കില്ല

പ്രതീകാത്മക ചിത്രം.
ന്യൂഡൽഹി: രാജ്യത്ത് യുപിഐ (Unified Payments Interface) വഴി നടത്തുന്ന ഡിജിറ്റൽ ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്ന് പേയ്മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ. ഡിജിറ്റൽ പണമിടപാടുകൾ സ്വീകരിക്കുന്നതിന് യാതൊരുവിധ ഫീസും നൽകേണ്ടി വരില്ലെന്നും കൗൺസിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഉയർന്നുവന്ന വ്യാജ പ്രചാരണങ്ങളെ തുടർന്നാണ് പിസിഐയുടെ ഔദ്യോഗിക പ്രസ്താവന.
2016ൽ ഡിജിറ്റൽ ഇടപാടുകൾ ആരംഭിച്ചതു മുതൽ യുപിഐ ഉപഭോക്താക്കൾക്ക് സൗജന്യമാണ്. ഇത് ഇനിയും തുടരും. ബാധകമാകുന്നിടത്ത് മർച്ചന്റ് സർവീസ് ചാർജുകൾ (എംഎസ്സി) വ്യാപാരികളും പേയ്മെന്റ് സേവന ദാതാക്കളും തമ്മിലുള്ള വാണിജ്യപരമായ ഇടപാടുകൾ മാത്രമായിരിക്കും. ഇത് ഒരിക്കലും ഉപഭോക്താക്കളുടെ മേൽ അടിച്ചേൽക്കില്ല.
സാങ്കേതികവിദ്യ, സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, നവീകരണം എന്നിവയ്ക്കായി ബാങ്കുകളും ഫിൻടെക് കമ്പനികളും എൻപിസിഐയും ആർബിഐയും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി വലിയ തോതിലുള്ള നിക്ഷേപമാണ് നടത്തിവരുന്നതെന്നും പിസിഐ ചൂണ്ടിക്കാട്ടി. യുപിഐയുടെ സുസ്ഥിരത, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കാൻ ഈ നിക്ഷേപങ്ങൾ അത്യന്താപേക്ഷിതമാണ്.
വൻകിട വ്യാപാരികളിൽ നിന്ന് മർച്ചന്റ് സർവീസ് ചാർജ് ഈടാക്കിയേക്കാമെങ്കിലും, അത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് പേയ്മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇത് ആഗോളതലത്തിലുള്ള ഡിജിറ്റൽ പേയ്മെന്റ് ശൃംഖലകളുടെ ഒരു ഭാഗം മാത്രമാണ്. യുപിഐ ഇടപാടുകൾക്ക് സാധാരണക്കാർ കൂടുതൽ പണം നൽകേണ്ടി വരുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും വ്യക്തമാക്കിയിട്ടുണ്ട്.
News ⏭️


