LIFESTYLE

അന്ന് സാമ്പത്തികമായി തകർന്നടിഞ്ഞു; 38 വയസ്സുവരെ ജീവിച്ചത് വാടകവീട്ടിൽ; ഇന്ന് 711 കോടിക്ക് വാങ്ങിയത് 7 ഫ്ലാറ്റുകൾ!


ജുഹുവിൽ ഏഴുനില റസിഡൻഷ്യൽ ടവർ. ഒരു നിലയിൽ ഒന്നു വീതമായി ആകെ 7 ഫ്ലാറ്റുകൾ. ഇതിലൊന്നു വാങ്ങിയാലോ എന്നല്ല ദിനേശ് തക്കർ ആലോചിച്ചത്. ഏഴുമങ്ങു വാങ്ങി. വില 711 കോടി രൂപ! പ്രമുഖ ഫിനാൻഷ്യൽ സർവീസ് കമ്പനി ഏയ്ഞ്ചൽ വണിന്റെ സ്ഥാപക ചെയർമാനാണ് ദിനേശ് തക്കർ.മുംബൈയിലെ പ്രശസ്തമായ ജുഹു താര റോഡിൽ അറബിക്കടലിന്റെ സൗന്ദര്യം തൊട്ടറിയുന്ന അന്തരീക്ഷത്തിലാണ് ‘എംബസി ടെറാസ’ സ്ഥിതി ചെയ്യുന്നത്. രണ്ട് ഏക്കറിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ ആഡംബര റസിഡൻഷ്യൽ സമുച്ചയം. ചതുരശ്ര അടിക്ക് ഏകദേശം 1.13 ലക്ഷം രൂപ നിരക്കിൽ നടന്ന ഈ ഇടപാട് ജുഹുവിലെ പാർപ്പിട സ്വത്തുക്കളുടെ റിയൽ എസ്റ്റേറ്റ് ചരിത്രത്തിലെ ഒരു പുതിയ റെക്കോർഡാണ്. ‘ഏയ്ഞ്ചലസ്’ (Angelus) എന്ന് തക്കർ പേരിട്ടിരിക്കുന്ന ഈ സ്വപ്നഭവനം വെറുമൊരു ആഡംബര സമുച്ചയമല്ല, മറിച്ച് മൂന്ന് പതിറ്റാണ്ടുകാലം നിശബ്ദമായി പടുത്തുയർത്തിയ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ ദീർഘവീക്ഷണത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതിഫലനം കൂടിയാണ്.ആരാണ് ദിനേഷ് തക്കർ? 1996-ൽ ഒരു പരമ്പരാഗത സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായാണ് ദിനേഷ് തക്കർ ‘ഏയ്ഞ്ചൽ വൺ’ ആരംഭിക്കുന്നത്. സാങ്കേതികവിദ്യ ലോകത്തെ മാറ്റിമറിക്കുമെന്ന് നേരത്തേ തിരിച്ചറിഞ്ഞ അദ്ദേഹം, കമ്പനിയെ പിന്നീട് ഡിജിറ്റൽ സേവനങ്ങൾക്ക് മുൻഗണന നൽകുന്ന ധനകാര്യ സ്ഥാപനമാക്കി മാറ്റി. 2019-ൽ സമ്പൂർണ ഡിജിറ്റൽ നിക്ഷേപ സേവനങ്ങൾ നൽകിത്തുടങ്ങിയതോടെയാണ് കമ്പനിയുടെ യഥാർഥ കുതിച്ചുചാട്ടം ആരംഭിക്കുന്നത്. ഇന്ത്യയിലെ ടയർ-2, ടയർ-3 നഗരങ്ങളിലെ സാധാരണക്കാരിലേക്ക് വരെ ഡിജിറ്റൽ നിക്ഷേപങ്ങൾ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.പെട്ടെന്നുള്ള വിജയങ്ങൾക്ക് പിന്നാലെ പായുന്നതിന് പകരം, പതിറ്റാണ്ടുകൾ എടുത്ത് സുസ്ഥിരമായ ബിസിനസ് കെട്ടിപ്പടുക്കുന്നതിലാണ് തക്കർ എപ്പോഴും വിശ്വസിച്ചിരുന്നത്. ‘പല സംരംഭകരും രണ്ടും മൂന്നും വർഷങ്ങൾക്കുള്ളിൽ വൻ വിജയം ആഗ്രഹിക്കാറുണ്ട്. എന്നാൽ തലമുറകളോളം നിലനിൽക്കുന്ന ഒരു പ്രസ്ഥാനം വളർത്തിയെടുക്കാൻ പതിറ്റാണ്ടുകളുടെ പ്രയത്നം ആവശ്യമാണ്’, എന്ന് ‘മാഷബിൾ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.തകർന്നടിഞ്ഞ നാളുകൾ; വിജയം പഠിപ്പിച്ച ‘ഫെയ്‌ലിയർ ക്ലബ്’ ദിനേഷ് തക്കറുടെ ജീവിതം വിജയങ്ങൾ മാത്രം നിറഞ്ഞ ഒന്നായിരുന്നില്ല. സാങ്കേതികവിദ്യാ രംഗത്തെ അദ്ദേഹത്തിന്റെ തുടക്കകാലം വലിയ തിരിച്ചടിയോടെയായിരുന്നു. 2001-ൽ ഒരു ഇന്റർനെറ്റ് ട്രേഡിങ് പ്ലാറ്റ്‌ഫോമിൽ വൻ തുക നിക്ഷേപിച്ച അദ്ദേഹത്തിന്, ലോകമെമ്പാടും വീശിയടിച്ച ‘ഡോട്ട്-കോം തകർച്ചയിൽ’ (dot-com bubble) തന്റെ മൂലധനത്തിന്റെ 80 ശതമാനവും നഷ്ടമായി.എന്നാൽ ഈ വൻ പരാജയത്തെ ഒളിച്ചുവയ്ക്കാൻ അദ്ദേഹം തയാറായില്ല. പകരം, പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാനായി ഏയ്ഞ്ചൽ വണ്ണിൽ ‘ഫെയ്‌ലിയർ ക്ലബ്’ എന്നൊരു സവിശേഷമായ ആശയത്തിന് അദ്ദേഹം തുടക്കമിട്ടു. വിജയിക്കാതെ പോയ പദ്ധതികളെക്കുറിച്ച് ജീവനക്കാർക്ക് തുറന്നു ചർച്ച ചെയ്യാനും, പരാജയപ്പെടാനുള്ള കാരണങ്ങൾ പരിശോധിക്കാനും, അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് ആലോചിക്കാനും ഈ ക്ലബ്ബ് അവസരമൊരുക്കി. പരാജയം വീഴ്ചയല്ല, മറിച്ച് പഠനത്തിനുള്ള അവസരമാണെന്ന് അദ്ദേഹം തെളിയിച്ചു. സ്ഥിരോത്സാഹം, അച്ചടക്കം, മുതലിന്മേലുള്ള ആദായം വീണ്ടും നിക്ഷേപിച്ച് വളർച്ച നേടുന്ന ‘കോമ്പൗണ്ടിങ്’ രീതി എന്നിവയാണ് അദ്ദേഹത്തിന്റെ ബിസിനസിന്റെ കാതൽ.


Cinema ⏭️

Back to top button