സാധാരണ വാഴകളെക്കാൾ ഇരട്ടിയിലേറെ ഉയരം, ഭീമാകാരമായ പച്ചപ്പൂക്കൾ; ഇതാണ് സ്നോ ബനാന

മോഹിനി മഞ്ഞു വാഴ ചുവട്ടിൽ (ഫോട്ടോ: കേരള കൗമുദി)
കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് പാലക്കൽ വീട്ടിലെ മുറ്റത്തേക്ക് എത്തുന്ന ഏതൊരാളും അല്പനേരം അത്ഭുതത്തോടെ നോക്കിനിന്നുപോകും. സാധാരണ വാഴകളേക്കാൾ ഇരട്ടിയിലേറെ ഉയരമുള്ള തണ്ടും, തലകീഴായി തൂങ്ങിക്കിടക്കുന്ന കൂറ്റൻ പൈനാപ്പിളിനെ ഓർമ്മിപ്പിക്കുന്ന പൂക്കുലയുമായി ഒരു അപൂർവ്വ വാഴ.
പാലക്കൽ വീട്ടിൽ മോഹിനിയുടെ വീട്ടുമുറ്റത്താണ് ഈ പ്രകൃതിവിസ്മയം വളർന്നു പന്തലിച്ചിരിക്കുന്നത്. ശാസ്ത്രലോകം എൻസെറ്റ് എന്ന് വിളിക്കുന്ന “സ്നോ ബനാന’ അഥവാ മഞ്ഞുവാഴ. ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ,തായ്ലൻ്റ് , വിയറ്റ്നാം, ഹിമാലയൻ താഴ്‌വരകൾ തുടങ്ങിയ തണുപ്പുള്ള ഉയർന്ന പ്രദേശങ്ങളിൽ വന്യമായി വളരുന്ന ഒരിനമാണ് സ്നോ ബനാന. മെഴുക് പൂശിയതുപോലുള്ള വെളുത്ത കട്ടിയുള്ള തണ്ടും, ഭീമാകാരമായ പച്ചപ്പൂക്കളോടുകൂടിയ കുലയുമാണ് ഇതിന്റെ പ്രധാന പ്രത്യേകത.
സാധാരണ ഒരു വാഴ തൈ നട്ടു പരിപാലിച്ചതാണ്. എന്നാൽ വളരുംതോറും ഇതിന്റെ തണ്ടിന്റെ വണ്ണവും ഉയരവും കണ്ട് അത്ഭുതം തോന്നി. ഒടുവിൽ തലപ്പത്ത് വലിപ്പമേറിയ അപൂർവ്വ കൂമ്പ് വിരിഞ്ഞു വന്നപ്പോഴാണ് ഇത് സാധാരണ വാഴയല്ലെന്ന് മനസ്സിലായതെന്നും ഉടൻ കൃഷി ഓഫിസർ അനുചിത്രയെ അറിയിച്ചന്നും മോഹിനി പറയുന്നു.
അപൂർവ്വതകൾ ഏറെ
ഭീമൻ രൂപം: സാധാരണ വാഴകളേക്കാൾ വളരെ വണ്ണമുള്ള തണ്ടും കട്ടിയുള്ള വലിയ ഇലകളുമാണ് ഇതിനുള്ളത്. ഇന്ത്യയിൽ പ്രധാനമായും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കിഴക്കൻ ഹിമാലയൻ പ്രദേശങ്ങളിലുമാണ് കാണപ്പെടുന്നത്.
ഉപയോഗങ്ങൾ : മനോഹരമായ രൂപമുള്ളതിനാൽ അലങ്കാര സസ്യമായി ഉദ്യാനങ്ങളിൽ വളർത്തുന്നു. ഇളം തണ്ടിന്റെ മദ്ധ്യഭാഗം ചില പ്രദേശങ്ങളിൽ ഭക്ഷ്യയോഗ്യമാണ്.
നാരുകൾ ,കയർ, പായ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
പൂവിട്ട് വിത്ത് ഉൽപാദിപ്പിച്ച ശേഷം മാതൃസസ്യം സ്വാഭാവികമായി നശിക്കുന്നു.
സാധാരണ വാഴകളെപ്പോലെ ചുവട്ടിൽ നിന്ന് ധാരാളം മുളകൾ ഉണ്ടാകാറില്ല. കായകൾ ധാരാളം വിത്തുകളുള്ളതിനാൽ ഭക്ഷ്യയോഗ്യമല്ല.
‘കേരളത്തിൽ അപൂർവമായി മാത്രമേ ഇത് ഉദ്യാനങ്ങളിലോ സസ്യശേഖരങ്ങളിലോ കാണപ്പെടുന്നുള്ളൂ. ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുപത് വർഷം മുമ്പ് ഇതിന്റെ വിത്ത് വികസിപ്പിച്ച് എടുത്തിടുണ്ട്. അവിടന്ന് വാങ്ങിയതോ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വന്ന് നട്ടതോ ആവാനാണ് സാദ്ധ്യത . ഒരിക്കലും തനിയെ മുളയ്ക്കില്ല’- ബോട്ടാണിക്കൽ ഗാർഡൻ ഡോ. ഇ. എസ് . സന്തോഷ് കുമാർ പറഞ്ഞു.
English Summary
A rare Snow Banana (Ensete) plant has become a local attraction at a house in Ponganad, Kilimanoor, Kerala, due to its extraordinary size and unusual appearance. Much taller and thicker than ordinary banana plants, it features massive green flowers and a waxy white trunk.
RELATED TOPICS: SNOW BANANA, GIANT BANANA PLANT, RARE BANANA VARIETY, SNOW BANANA TREE, SNOW BANANA MALAYALAM
News ⏭️


