BUSINESS
രാജസ്ഥാൻ റോയൽസിനെ വാങ്ങിയ ഇന്ത്യൻ ശതകോടീശ്വരൻ ലിവർപൂളിനെയും വാങ്ങുന്നു; 57,500 കോടി മൂല്യത്തിൽ ‘മിത്തൽ’ ഡീൽ?

ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഏറ്റവും ശ്രദ്ധേയ ടീമുകളിലൊന്നായ രാജസ്ഥാൻ റോയൽസിന്റെ (ആർആർ) ഉടമസ്ഥാവകാശം സ്വന്തമാക്കിയ ഇന്ത്യൻ ശതകോടീശ്വരൻ പ്രമുഖ ഇംഗ്ലീഷ് പ്രീമിയർ ലീഗ് (ഇപിഎൽ) ഫുട്ബോൾ ടീമായ ലിവർപൂളിന്റെ ഓഹരികളും വാങ്ങാനൊരുങ്ങുന്നു. സ്റ്റീൽ വ്യവസായരംഗത്തെ ഭീമനായ ആഴ്സലർ മിത്തൽ കമ്പനി ചെയർമാൻ ലക്ഷ്മി മിത്തലിന്റെ പിന്തുണയോടെ മരുമകൻ അമിത് ഭാട്ടിയയാണ് ലിവർപൂളിന്റെ ന്യൂനപക്ഷ ഓഹരികൾ വാങ്ങാനൊരുങ്ങുന്നത്.ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന് 600 കോടി ഡോളർ (ഏകദേശം 57,500 കോടി രൂപ) മൂല്യം വിലയിരുത്തിയാകും ഡീലെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ്-ഇന്ത്യൻ ശതകോടീശ്വരൻ അമിത് ഭാട്ടിയ നയിക്കുന്ന കൺസോർഷ്യം ഓഹരി വാങ്ങാൽ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ലിവർപൂളിന്റെ നിലവിലെ ഉടമസ്ഥരായ യുഎസിലെ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് (എഫ്എസ്ജി) സ്ഥിരീകരിച്ചു. എന്നാൽ അമിത് ഭാട്ടിയയോ ലക്ഷ്മി മിത്തലോ പ്രതികരിച്ചിട്ടില്ല.600 കോടി മൂല്യത്തിൽ ഡീൽ ഉറപ്പിച്ചാൽ ലോകത്ത് ഒരു ഫുട്ബോൾ ക്ലബ്ബിന് ലഭിക്കുന്ന ഏറ്റവും വലിയ മൂല്യത്തിലൊന്നായിരിക്കും അത്. 2023ൽ ബ്രിട്ടീഷ് ശതകോടീശ്വരൻ ജിം റാറ്റ്ക്ലിഫ് മാഞ്ചസ്റ്റർ യൂണൈറ്റഡിലെ ന്യൂനപക്ഷ ഓഹരികൾ വാങ്ങിയത് ക്ലബ്ബിന് 630 കോടി ഡോളർ മൂല്യം വിലയിരുത്തിയായിരുന്നു. 2010ലാണ് ലിവർപൂളിനെ എഫ്എസ്ജി വാങ്ങിയത്.നിലവിൽ ഇംഗ്ലണ്ടിലെ രണ്ടാംനിര ഫുട്ബോൾ ലീഗ് ടീമായ ക്വീൻസ് പാർക്ക് റേഞ്ചേഴ്സിൽ അമിത് ഭാട്ടിയയ്ക്ക് ഓഹരി പങ്കാളിത്തമുണ്ട്. ലിവർപൂളിൽ ഓഹരി നേടുന്നതിന് മുന്നോടിയായി അദ്ദേഹം ഈ ക്ലബ്ബിലെ ഓഹരികൾ ക്വീൻസ് പാർക്ക് റേഞ്ചേഴ്സിന്റെ പ്രമുഖ ഓഹരിയുടമയായ റൂബൻ ജ്ഞാനലിംഗത്തിന് കൈമാറിയേക്കുമെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒരേസമയം രണ്ട് ഫുട്ബോൾ ക്ലബ്ബുകളുടെ ഉടമസ്ഥാവകാശം ഒഴിവാക്കാനാണിത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ലിവർപൂൾ. 6 തവണ യുവേഫ ചാംപ്യന്മാരായി. ഇപിഎൽ കിരീടം ചൂടിയത് 20 തവണ. ഇതു റെക്കോർഡാണ്. വരുമാനം മുൻവർഷത്തെ 613 മില്യൻ പൗണ്ടിൽ നിന്ന് 2024-25ൽ 700 മില്യൻ കടന്നിരുന്നു.ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് ടീമിനെ കഴിഞ്ഞ മേയിലാണ് 15,600 കോടി രൂപയ്ക്ക് മിത്തൽ കുടുംബം ഏറ്റെടുത്തത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അദാർ പൂനാവാലയുമായി ചേർന്നായിരുന്നു ഏറ്റെടുക്കൽ. മിത്തൽ കുടുംബത്തിന് 75 ശതമാനവും അദാർ പൂനാവാലയ്ക്ക് 18 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിക്ക് പുറമേ സൗത്ത് ആഫ്രിക്കൻ ലീഗിൽ കളിക്കുന്ന പാൽ റോയൽസും കരീബിയൻ ലീഗിലെ ബാർബഡോസ് റോയൽസും ഏറ്റെടുക്കലിന്റെ ഭാഗമായിരുന്നു.
Travel ⏭️


