BUSINESS

ടാറ്റ സൺസ് ചെയർമാൻ: അന്തിമ പോരാട്ടത്തിൽ പുറത്തുനിന്നൊരു ‘സർപ്രൈസ്’ ആൾ; സൗരഭിനും മലയാളി ടി.വി.നരേന്ദ്രനും കരുത്തനായ എതിരാളി


ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായ ടാറ്റാ സൺസിന്റെ ചെയർമാൻ പദവി നേടാനുള്ള മത്സരത്തിൽ ടാറ്റാ ഗ്രൂപ്പിന് പുറത്തുനിന്നൊരു സർപ്രൈസ് എൻട്രി. ടാറ്റ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ മലയാളി ടി.വി.നരേന്ദ്രൻ, ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ (സിഎഫ്ഒ) സൗരഭ് അഗ്രവാൾ എന്നിവരാണ് ഇതുവരെ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ, ചെയർമാൻ സ്ഥാനത്തേക്ക് ‘കറുത്ത കുതിര’യായി പാഞ്ഞടുക്കാൻ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) എംഡിയും സിഇഒയുമായ ആശിഷ് ചൗഹാനും രംഗപ്രവേശം ചെയ്തു. ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ കേന്ദ്രസർക്കാരിലെ ഉന്നതരുമായി ചർച്ച ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്.ടാറ്റ സ്റ്റീലിന്റെ ആഗോള പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വ്യക്തിയാണ് ടി.വി.നരേന്ദ്രൻ. 2017 മുതൽ ടാറ്റ സൺസ് ഗ്രൂപ്പ് കമ്പനികളുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറാണ് സൗരഭ് അഗ്രവാൾ. ആദിത്യ ബിർള ഗ്രൂപ്പിൽ നിന്ന് ടാറ്റയിൽ ചേക്കേറിയ അഗ്രവാളാണ് ടാറ്റ ഗ്രൂപ്പ് അടുത്തകാലത്ത് നടത്തിയിട്ടുള്ള വമ്പൻ നിക്ഷേപങ്ങളുടെ ‘ഫിനാൻഷ്യൽ ആർക്കിടെക്ട് ’.ടെക്നോളജി, മൂലധന വിപണി, ധനകാര്യ സേവനങ്ങൾ എന്നിവയിൽ‌ വൈദ്യഗ്ധ്യമുള്ളയാണ് ചൗഹാൻ. എൻഎസ്ഇക്ക് രൂപംകൊടുത്തവരിൽ ഒരാളുമാണ്. നേരത്തേ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബിഎസ്ഇ) എംഡി ആൻഡ് സിഇഒ ആയിരുന്നു. 2022ൽ ആണ് എൻഎസ്ഇയിലേക്ക് മടങ്ങിവന്നതും എംഡി ആൻഡ് സിഇഒ ആയതും. എൻഎസ്ഇയുടെ 30,000 കോടി രൂപയുടെ വമ്പൻ ഐപിഒയ്ക്ക് ചുക്കാൻ പിടിക്കുന്നതും ചൗഹാനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായിരിക്കും ഇത്. 5 ലക്ഷം കോടി രൂപ മൂല്യം വിലയിരുത്തുന്ന എൻഎസ്ഇ, ഐപിഒ പൂർത്തിയായി ലിസ്റ്റ് ചെയ്യുന്നതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 10 കമ്പനികളിലൊന്നെന്ന നേട്ടവും സ്വന്തമാക്കും.


Travel ⏭️

Back to top button