NEWS
റെയിൽവേ ക്രോസിന്റെ ഗേറ്റ് തുറന്നു കിടന്നു; സ്കൂൾ വാനിൽ ട്രെയിനിടിച്ച് 3 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ 2 വിദ്യാർഥികൾ

കൊൽക്കത്ത ∙ ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്‌കൂൾ വാനിലിടിച്ച് രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ 7 മണിയോടെ മുർഷിദാബാദിലെ ബഹരംപുർ മേഖലയിലുള്ള കർണസുബർണ റെയിൽവേ ക്രോസിങ്ങിലാണ് അപകടം സംഭവിച്ചത്. കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂൾ വാനിലേക്ക് നിംതിത-കത്വ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടസമയത്ത് റെയിൽവേ ക്രോസിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഒരു വശത്തുനിന്നുള്ള ട്രെയിൻ കടന്നുപോകുന്നതുവരെ ഗേറ്റ് അടച്ചിട്ടിരുന്നതായും, എന്നാൽ തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് വീണ്ടും തുറന്നുകൊടുത്തതാണ് അപകടത്തിനു കാരണമായതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുന്നു. റെയിൽവേ ഗേറ്റ്‌മാന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്വയിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള കർണ സുബർണ സ്റ്റേഷനു സമീപമുള്ള ലെവൽ ക്രോസിങ് മുറിച്ചുകടക്കുകയായിരുന്നു സ്‌കൂൾ വാനെന്ന് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
Fashion ⏭️


