NEWS

തൊഴിലുറപ്പ് പണികൾ കഴിഞ്ഞു; പുല്ലുവെട്ടാനിറങ്ങി കൗൺസിലർ


പെരിന്തൽമണ്ണ ∙ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ കഴിഞ്ഞപ്പോൾ പുല്ലുവെട്ടു യന്ത്രം വാങ്ങി വാർഡിലെ പുല്ലും പൊന്തക്കാടും വെട്ടി ശുചീകരണത്തിനിറങ്ങി നഗരസഭാ കൗൺസിലർ. പെരിന്തൽമണ്ണ നഗരസഭയിലെ 19–ാം വാർഡ് തണ്ണീർപന്തൽ പ്രദേശത്തെ കൗൺസിലർ ഇ.പി.അരുൺ ആണ് മാതൃകയായത്. നഗരസഭയിലെ ഏറ്റവും വിസ്തൃതിയേറിയ വാർഡുകളിലൊന്നാണ് ഇത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ തോ‌ടുകൾ ശുചീകരിച്ചപ്പോഴേക്കും അവർക്ക് വാർഡിലേക്ക് അനുവദിച്ച തൊഴിൽ ദിനങ്ങൾ അവസാനിച്ചു. നഗരസഭകളിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങളാണ് അനുവദിക്കുന്നത്. വാർഡിലെ പൊതുറോഡുകളിലും മറ്റും വളർന്ന പുല്ലും പൊന്തക്കാടുകളും വെട്ടിമാറ്റണമെന്ന ജനകീയ ആവശ്യവും പരാതിയും ബാക്കിയായി. ഒടുവിൽ സ്വന്തം കയ്യിൽ നിന്ന് പണം ചെലവഴിച്ച് വാർഡ് കൗൺസിലർ ഒരു പുല്ലുവെട്ടു യന്ത്രം വാങ്ങി. വാർഡിന്റെ ഓരോ ഭാഗങ്ങളിലായി പുല്ലു വെട്ടാനിറങ്ങി. കഴിഞ്ഞ ഒരാഴ്‌ചയായി അരുൺ തിരക്കിലാണ്. ഇന്നലെ ആയുർവേദ ആശുപത്രി റോഡിലും പരിസരങ്ങളിലുമായിരുന്നു പുല്ലുവെട്ട്. ഇന്ന് വട്ടപ്പാറ ഭാഗത്താണ് ശുചീകരണം. വാർഡിനെ ക്ലീനാക്കിയേ തിരിച്ചു കയറൂ എന്നാണ് തീരുമാനം.


Fashion ⏭️

Back to top button