BUSINESS
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്ക് കുവൈത്തിന്റെ ഗോൾഡൻ വീസ; എല്ലാ ജിസിസി രാജ്യങ്ങളിലെയും ഗോൾഡൻ വീസയ്ക്ക് ഉടമ

കുവൈത്ത് സിറ്റി∙വിദേശ വ്യവസായികൾക്കും നിക്ഷേപകർക്കും ദീർഘകാലത്തേക്കു താമസാനുമതി നൽകുന്നതിനു കുവൈത്ത് ആരംഭിച്ച ഗോൾഡൻ റസിഡൻസി പദ്ധതിയുടെ ഭാഗമായ ആദ്യ ഗോൾഡൻ വീസ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്കു ലഭിച്ചു. 15 വർഷമാണു റസിഡൻസി കാലാവധി. രാജ്യത്തേക്കു കൂടുതൽ വ്യവസായങ്ങളും നിക്ഷേപ പദ്ധതികളും ആകർഷിക്കുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ മാതൃകയിൽ കുവൈത്ത് ഗോൾഡൻ വീസ പദ്ധതി പ്രഖ്യാപിച്ചത്. ബയാൻ കൊട്ടാരത്തിലെ ചടങ്ങിൽ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് നേരിട്ടാണു വീസ കൈമാറിയത്.ഇതോടെ യൂസഫലി എല്ലാ ജിസിസി രാജ്യങ്ങളിലെയും ഗോൾഡൻ റസിഡൻസി നേടുന്ന ആദ്യ വിദേശ നിക്ഷേപകനായി. 21 ഹൈപ്പർ മാർക്കറ്റുകളാണു ലുലുവിനു കുവൈത്തിലുള്ളത്. നാല് പുതിയ ഹൈപ്പർ മാർക്കറ്റ് പദ്ധതികൾ പുരോഗമിക്കുന്നു. കുവൈത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്.
Travel ⏭️


