NEWS

‘വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരുമെന്ന് അറിയില്ല, ബാറ്ററി സ്റ്റോറേജ് വർദ്ധിപ്പിക്കും’

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടിവരുമെന്ന് അറിയില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി‌ ജോസഫ്. മഴയുടെ ലഭ്യതയിലുണ്ടായ കുറവും അന്തരീക്ഷ ഊഷ്മാവ് ഉയർന്നതും വൈദ്യുതി ഉപയോഗം കുത്തനെ കൂട്ടിയെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട ബാദ്ധ്യതയുണ്ട്. കൂടാതെ കേന്ദ്ര പൂളിൽ നിന്ന് കിട്ടുന്ന വൈദ്യുതിയും കുറഞ്ഞു. ഭരണം പരാജയമാണെന്ന് പറയുന്നത് ശരിയല്ല. ഇടത് സർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിട്ടുണ്ട്. ബാറ്ററി സ്റ്റോറേജ് വർദ്ധിപ്പിക്കും’- മന്ത്രി പറഞ്ഞു.

അതേസമയം,​ സംസ്ഥാനത്ത് പവർകട്ട് ഒഴിവാക്കാനാവാത്ത അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് കഴിഞ്ഞ ദിവസവും മന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപകമായി ഉണ്ടായിട്ടുള്ള ഈ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഉപയോഗത്തിനായി നമ്മൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി, കൈമാറ്റ കരാർ പ്രകാരം സെപ്റ്റംബർ 15-നകം തിരിച്ചു നൽകേണ്ട ബാധ്യത നിലനിൽക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി. മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സമയത്ത് ഒപ്പുവെച്ച, യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്ന ദീർഘകാല കരാറുകൾ പിന്നീട് റദ്ദാക്കപ്പെട്ടതും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. പകൽ സോളാർ വൈദ്യുതിയുടെ സംഭരണ പരിമിതി: പകൽ സമയത്ത് ലഭ്യമാകുന്ന സോളാർ വൈദ്യുതി രാത്രികാല ഉപയോഗത്തിനായി വലിയ തോതിൽ സംഭരിച്ചു വെക്കാൻ കഴിയാത്തത് മറ്റൊരു വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി.
RELATED TOPICS: KERALA ELECTRICITY SHORTAGE, KERALA POWER CUT, ELECTRICITY RESTRICTION KERALA, SUNNY JOSEPH MINISTER, KERALA ELECTRICITY CRISIS

Read News ⏭️

Back to top button